നീലേശ്വരം: യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി വർഗീയതയ്ക്കെതിരെ നടത്തിയ പദയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം മുതൽ കാഞ്ഞങ്ങാടുവരെ ശനിയാഴ്ചയായിരുന്നു പദയാത്ര നടത്തിയത്. നിയമവിരുദ്ധമായി സംഘംചേരൽ, സാമൂഹിക അകലം പാലിക്കാതെയും മാസ്ക്‌ ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കൽ, ഗതാഗത തടസ്സമുണ്ടാക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് നീലേശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ കെ.എസ്.ശബരീനാഥ്, റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ്, ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പള്ളയിൽവീട്, സെക്രട്ടറി മാമുനി വിജയൻ, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, നഗരസഭാ കൗൺസിലർമാരായ ഇ.ഷജീർ, പി.ബിന്ദു തുടങ്ങി 22 നേതാക്കളുൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്.