കണ്ണൂർ: പൈതൽമലയിൽ ചെങ്കണ്ണൻ തവിടൻ (റെഡ് ഐ ബുഷ് ബ്രൗൺ) ചിത്രശലഭത്തെ കണ്ടെത്തി. സമുദ്രനിരപ്പിൽനിന്നും 1200-ഓളം മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന ചെങ്കണ്ണൻ തവിടൻ പശ്ചിമഘട്ടത്തിലെ സ്ഥാനീയ ചിത്രശലഭമാണ്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് പൈതൽമല.

ശലഭനിരീക്ഷകരായ വി.സി.ബാലകൃഷ്ണൻ, പി.കെ.ഗിരീഷ് മോഹൻ, ടി.എം.രാജേന്ദ്രൻ, പൈതൽമല ഇക്കോ ടൂറിസം വാച്ചർ മേനോംവീട്ടിൽ ആന്റണി എന്നിവരടങ്ങിയ സംഘമാണ് ശനിയാഴ്ച അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തിയത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പൂമ്പാറ്റയുടെ സാന്നിധ്യം വ്യക്തമായത്. വയനാട്ടിലെ ചിലയിടങ്ങളിൽ കണ്ടതായി പറയുന്നുണ്ടെങ്കിലും കേരളത്തിൽനിന്നും ഈ ശലഭത്തിന്റെ സാന്നിധ്യം ആദ്യമായാണ് ഫോട്ടോയുടെ സഹായത്തോടെ സ്ഥിരീകരിക്കുന്നതെന്ന് ശലഭനിരീക്ഷകർ പറഞ്ഞു. ഈറ്റ ശലഭം(ട്രാവൻകൂർ ഈവനിങ് ബ്രൗൺ), കാട്ടുതുള്ളൻ (കൂർഗ് ഫോറസ്റ്റ് ഹോപ്പർ) തുടങ്ങിയ അപൂർവങ്ങളായ മറ്റു ചിത്രശലഭങ്ങളെയും സംഘം മുൻപ് കണ്ടെത്തിയിരുന്നു.

പുൽവർഗസസ്യങ്ങളെ ആഹാരമാക്കുന്ന ചെങ്കണ്ണൻ തവിടന്റെ ലാർവകളും ജീവിതചക്രവും ഇതുവരെ ശാസ്ത്രീയമായി വിവരിക്കപ്പെട്ടിട്ടില്ല. ‘ടെലിങ്ക അഡോൾഫി’ എന്നാണ് ശാസ്ത്രീയനാമം. മഴയോടനുബന്ധിച്ച് ചില മാസങ്ങളിൽ മാത്രമാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. മഴക്കാടുകളുടെ ഓരംചേർന്ന് നിഴൽ പ്രദേശങ്ങളിലാണ് വാസം.

പരിണാമശാസ്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്നവയാണ് ചെങ്കണ്ണൻ തവിടൻ ശലഭങ്ങളെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇൻഡ്യയിലെ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് പറഞ്ഞു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൈതൽമലയുടെ പാരിസ്ഥിതികപ്രാധാന്യം ഒരിക്കൽക്കൂടി എടുത്തുകാട്ടുന്നതാണ് ഈ കണ്ടെത്തൽ എന്ന് വനംവകുപ്പ് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ വി.രതീശൻ അഭിപ്രായപ്പെട്ടു. പൈതൽമലയിലെ പൂമ്പാറ്റകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.