തൃശ്ശൂർ: തൃശ്ശൂരിലെ മിക്ക കടകളിലും കാണാം ‘വിവിധ്’ ചതച്ച വറ്റൽമുളക് പാക്കറ്റ്. പരിമിതസൗകര്യങ്ങൾക്കിടയിൽനിന്നാണ് ആ ഉത്പന്നം രമ്യയും ഭർത്താവ് ഷൈജുവും പുറത്തിറക്കി ഉപജീവനം തേടുന്നത്. സാഹചര്യം മെച്ചമാക്കാൻ സർക്കാർസഹായത്തിനായി ഈ ചെറുകിടസംരംഭകർ ഓഫീസുകൾ കയറാൻ തുടങ്ങിയിട്ട് മൂന്നുകൊല്ലത്തോളമായി.

വ്യവസായവകുപ്പിന്റെ വ്യവസായ എസ്റ്റേറ്റിൽ ഒരു ഷെഡ് കിട്ടണം എന്നാണിവരുടെ ആഗ്രഹം. മുളകിന്റെ ഞെട്ട് അറുത്തുമാറ്റാൻ ഇവർ ഉണ്ടാക്കിയെടുത്ത യന്ത്രത്തിന് പീച്ചി കെ.എഫ്.ആർ.ഐ.യിലെ ശാസ്ത്രജ്ഞരുടെ പ്രശംസ കിട്ടിയിരുന്നു.

വ്യവസായമന്ത്രി പി. രാജീവ് തൃശ്ശൂരിൽ നടത്തിയ അദാലത്തിലും ഷെഡ് കിട്ടുമെന്ന പ്രതീക്ഷയിൽ പട്ടികജാതിക്കാരായ ഈ ദമ്പതിമാർ എത്തിയിരുന്നു. നിരാശയായിരുന്നു ഫലം. 25,000 രൂപ നിക്ഷേപവും 4500 രൂപ മാസവാടകയും കൊടുത്ത് മുക്കാട്ടുകരയിലെ ഒരു ചെറിയ ഷെഡ്ഡിൽനിന്നാണ് ഇപ്പോൾ ‘വിവിധ്’ പുറത്തിറങ്ങുന്നത്.

വ്യവസായ എസ്റ്റേറ്റിൽ ഒരു ഷെഡ് കിട്ടിയാൽ വാടകയിൽനിന്ന് രക്ഷപ്പെടാം. ത്രീഫേസ് വൈദ്യുതി കണക്ഷൻ കിട്ടും. വ്യവസായാന്തരീക്ഷത്തിൽ പ്രവർത്തിക്കാം. എന്നാൽ, അതിനൊക്കെ വല്ലാത്ത ഭാഗ്യം വേണമെന്നാണ് ഈ ദമ്പതിമാർ വിശ്വസിക്കുന്നത്.

സൗകര്യക്കുറവുമൂലം ഉത്‌പാദനം കുറച്ചു. രാവിലെ ശക്തൻ മാർക്കറ്റിൽ ലോറികളിൽനിന്ന് കായക്കുല ഇറക്കാനും വൈകീട്ട് ഒരു വീട്ടിൽ കൂലിപ്പണിക്കും പോകുന്നുണ്ട് ഷൈജു ഇപ്പോൾ. ഹോർമോൺ കുറവുമൂലം തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചികിത്സയിലുള്ള മകന് മരുന്നിന് വേണം പ്രതിമാസം 15,000 രൂപ.

സംഭവിച്ചത് ഇതാണ്...

*2019-ൽ ഷെഡ്ഡിന് അപേക്ഷ നൽകി.

*പട്ടികജാതിക്കാർക്കുള്ള വിഭാഗത്തിൽ അഭിമുഖത്തിന് വിളിച്ചു.

*രണ്ട് റാങ്ക്പട്ടികകളിൽ ഉൾപ്പെട്ടു.

*വ്യവസായവകുപ്പിന്റെ ഷെഡ്ഡുകളുടെ പട്ടികയിൽ ഒമ്പതാമത്. വ്യവസായ സഹകരണസംഘത്തിന്റെ പട്ടികയിൽ 11-ാമത്.

*വ്യവസായവകുപ്പിന്റേതിൽ രണ്ടെണ്ണം മാത്രം. അതിനാൽ കിട്ടിയില്ല.

*സംഘത്തിന്റേതിൽ രണ്ടുപേർമാത്രം വാങ്ങി. തുടർന്നുള്ള ആറുപേർ വാങ്ങിയില്ല. അങ്ങനെ വന്നാൽ പിന്നിലുള്ളവർക്ക് കൊടുക്കണം. അതാണ് കൊടുക്കാതിരിക്കുന്നത്.

* സംഘത്തിന്റെ ഭരണസമിതി ഈയിടെയാണ് ഉണ്ടായതെന്നും വീണ്ടും അപേക്ഷ ക്ഷണിക്കുമെന്നും ഔദ്യോഗിക വിശദീകരണം.