എടപ്പാൾ: വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ കറങ്ങിക്കൊണ്ടിരിക്കുകയാണ്. വി.എഫ്.എ. എന്ന തസ്തികയൊന്ന് ക്ലാർക്കായി മാറ്റിക്കിട്ടാൻ. നാലുവർഷംമുൻപ്‌ റവന്യൂ വകുപ്പ് തസ്തിക ലോവർ ഡിവിഷൻ ക്ലാർക്കാക്കി മാറ്റാൻ ശുപാർശ ചെയ്തതാണ്. വിവിധ വകുപ്പുകളിൽ 320 തവണ കയറിയിറങ്ങിയിട്ടും കാര്യം ഇതുവരെ തീർപ്പായില്ല. നോട്ടീസ് പതിച്ചു നൽകുന്നതിന് 1650 വില്ലേജ് ഓഫീസുകളിലായി നിയമിച്ച 3,300-ഓളം വി.എഫ്.എ. മാരാണുള്ളത്. നോട്ടീസ് പതിച്ചുനൽകൽ കുറഞ്ഞതോടെ ഇവരിൽ പകുതിപ്പേരെ സ്ഥാനക്കയറ്റം നൽകി എൽ.ഡി.സി. ആക്കാമെന്നായിരുന്നു 2017-ലെ റവന്യൂ വകുപ്പ് ശുപാർശ. അപ്‌ഗ്രേഡ് ചെയ്യുന്ന തസ്തികകളിൽ പകരം നിയമനം നടത്തേണ്ടിവരുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നു പറഞ്ഞ് ധനവകുപ്പ് അതു നിരസിച്ചു.

നിലവിലെ ശമ്പളസ്കെയിലനുസരിച്ച് നൽകുന്നതിനേക്കാൾ സാമ്പത്തികനേട്ടം ഇതുകൊണ്ടുണ്ടാകുമെന്ന് ധനവകുപ്പിനെ റവന്യൂവകുപ്പ് ബോധ്യപ്പെടുത്തി മറുപടി നൽകി. ചട്ടവിരുദ്ധമാണെന്നും നിയമസഭ പാസാക്കണമെന്നുമെല്ലാം പറഞ്ഞാണ് ഇപ്പോൾ ഫയൽ സെക്രട്ടേറിയേറ്റിൽ കറങ്ങുന്നതെന്ന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തുന്നു.

വില്ലേജ് ഓഫീസർമാരുടെ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ചാണ് വില്ലേജിലെ എല്ലാ ജോലിയും ഇപ്പോളിവർ ചെയ്യുന്നത്. ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർക്കുള്ള അധികാരംപോലും വി.എഫ്.എ.മാർക്ക് നൽകുന്നില്ലെന്നതാണ് പരാതി.

നീതീകരിക്കാനാവില്ല

എല്ലാ ജോലിയുംചെയ്യാൻ വി.എഫ്.എ.മാർ വേണമെങ്കിലും അവർക്ക് സ്വന്തമായൊരു യൂസർ ഐ.ഡി.പോലുമില്ല. ഇത് നീതീകരിക്കാനാവില്ല. തസ്തിക അപ്ഗ്രേഡ് ചെയ്യാതെ ഇത്‌ നൽകാനാവില്ലെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ പറയുന്നു. എത്രയുംവേഗം അപ്‌ഗ്രേഡ് ചെയ്യാനുള്ള നടപടി ഉണ്ടാവണം.

-എം. ശ്രീകുമാർ, സംസ്ഥാന പ്രസിഡന്റ്, കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ.