പത്തനംതിട്ട: ജീവിതവരുമാനം മുട്ടിയ കോവിഡ് രോഗബാധിതരുടെ കുടുംബത്തിന് ആശ്വാസമേകുന്ന പദ്ധതിയുമായി കെ.എസ്.എഫ്.ഇ. കോവിഡ് ബാധിതരുടെ കുടുബത്തിന് കുറഞ്ഞ പലിശയ്ക്ക് സ്വർണപ്പണയവായ്പയാണ് നൽകുക. ഒരുലക്ഷം രൂപവരെ നൽകും. അഞ്ചുശതമാനം പലിശ. മൂന്ന് മാസമാണ് തിരിച്ചടവ് കാലാവധി.

നടപടിക്രമങ്ങൾ ലഘൂകരിച്ച് വായ്പ വേഗം ലഭ്യമാക്കാൻ കെ.എസ്.എഫ്.ഇ. ശാഖകളിൽ സംവിധാനമൊരുക്കിയെന്ന് ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. കോവിഡ് രോഗം ബാധിച്ചയാളുടെ ബന്ധുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉറ്റവർ കൈമാറിയാൽ വായ്പ ലഭിക്കും. പദ്ധതിക്കായി പത്തുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ തുക മാറ്റിവെയ്ക്കും.

അമിതപലിശയ്ക്ക് സ്വർണപ്പണയവായ്പയെടുക്കുന്നവരുടെ ദുരിതങ്ങൾ ചില സംസ്ഥാനങ്ങളിൽനിന്നു പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.