തൃശ്ശൂർ: മാർട്ടിൻ ജോസഫിനെ പിടികൂടാൻ പോലീസിനു തുണയായത് ആർ.ആർ.ടി. പ്രവർത്തകരുൾപ്പെടെയുള്ള നാട്ടുകാർ. കൊച്ചി സിറ്റി പോലീസ്, ഷാഡോ പോലീസ്, തൃശ്ശൂർ സിറ്റി പോലീസ്, തൃശ്ശൂർ സിറ്റി ഷാഡോ പോലീസ്, പേരാമംഗലം - മുളങ്കുന്നത്തുകാവ് പോലീസ് സ്റ്റേഷനുകളിലെ സംഘം എന്നിവർക്കൊപ്പം രാഷ്ട്രീയഭേദമില്ലാതെ സംഘടനകളും പ്രതിയെ പിടികൂടാൻ ഒന്നിച്ചു.

മാർട്ടിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണം പ്രതിസന്ധിയിലായിരിക്കെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ േകന്ദ്രീകരിച്ച അന്വേഷണമായിരുന്നു ഒടുവിൽ കുരുക്കിയത്.

കൊച്ചിയിൽനിന്നു മുങ്ങിയ മാർട്ടിൻ ജോസഫ് തൃശ്ശൂരിലെത്തിയ വിവരം കിട്ടിയതോടെ കൊച്ചി സെൻട്രൽ സി.ഐ. നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്നുതന്നെ തൃശ്ശൂരിലെത്തി അന്വേഷണം തുടങ്ങി.

തൃശ്ശൂർ സിറ്റി പോലീസിലെയും ഷാഡോ പോലീസിലെയും അംഗങ്ങൾ നിരീക്ഷണത്തിനായി ഇറങ്ങി. പേരാമംഗലം, മുളങ്കുന്നത്തുകാവ് പോലീസും രംഗത്തെത്തിയതോടെ അന്വേഷണം അതിവേഗത്തിലായി.

മാർട്ടിൻ ജോസഫിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യലിലാണ് ഒളിവിൽ കഴിയുന്ന വിവരങ്ങൾ അറിഞ്ഞത്. സുഹൃത്തുക്കളുടെ മൊബൈൽ ഫോണിനൊപ്പം മറ്റൊരു നമ്പർ കൂടി കിട്ടിയതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.