തിരുവനന്തപുരം: നിയമന ഉത്തരവുകൾ ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സ്കൂൾ തുറക്കുമ്പോൾ മാത്രമേ ഇവരെ സേവനത്തിൽ പ്രവേശിപ്പിക്കാനാകൂ എന്ന തീരുമാനം പുനപ്പരിശോധിക്കേണ്ടി വരുമെന്നും പി.സി. വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തും. കോവിഡ് വ്യാപനത്താൽ മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിഞ്ഞില്ല. എന്നാൽ, ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിലും നിയമന ശുപാർശ നൽകുന്നതിലും ഇത് ബാധിക്കുന്നില്ല. ഒഴിവുകൾ റിപ്പോർട്ടുചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ കൃത്യത പരിശോധിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും. സീനിയോറിറ്റി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവമൂലം റെഗുലർ പ്രൊമോഷനുകൾ തടസ്സപ്പെടുന്ന കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ടുചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദേശം നൽകി. റെഗുലർ പ്രൊമോഷനുകൾ നടത്താൻ തടസ്സമുള്ള തസ്തികകളെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക്‌ താത്‌കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടിട്ടും വിശേഷാൽ ചട്ടങ്ങളോ റിക്രൂട്ട്‌മെൻറ്് ചട്ടങ്ങളോ രൂപവത്‌കരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ ഇവ രൂപവത്‌കരിക്കുന്നതിന് ടാസ്ക് ഫോഴ്‌സിനെ നിയോഗിച്ചു. മാറ്റിവെച്ച പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.