തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിതപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുസെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിക്കും. കമ്മിറ്റി നാലുദിവസത്തിനുള്ളിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ ഓൺലൈൻ പഠനം തുടരേണ്ടിവരും. ഇതിനായി തടസ്സമില്ലാതെ ഇൻറർനെറ്റ് സൗകര്യം വിദ്യാർഥികൾക്ക് സൗജന്യമായി ഉറപ്പുവരുത്തണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേകപദ്ധതി തയ്യാറാക്കാൻ ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർമാർ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, വിവിധ വകുപ്പുസെക്രട്ടറിമാർ, ഡയറക്ടർമാർ, ബി.എസ്.എൻ.എൽ, ടെലികമ്യൂണിക്കേഷൻ വകുപ്പ്, ബി.ബി.എൻ.എൽ, വൊഡാഫോൺ, ഭാരതി എയർടെൽ, ടാറ്റാ കമ്യൂണിക്കേഷൻ, റിലയൻസ് ജിയോ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എ.ടി.സി. ടെലികോം, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ്, കേരള വിഷൻ ബ്രോഡ്ബാൻഡ്‌ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.