തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഹയരാർക്കി 90-ാം വർഷത്തിലേക്കു പ്രവേശിക്കുന്നു. 1932 ജൂൺ 11-ന് പതിനൊന്നാം പീയൂസ് മാർപാപ്പയാണ് തിരുവനന്തപുരം മേജർ അതിരൂപതയും തിരുവല്ല രൂപതയും സ്ഥാപിച്ചത്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായി ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് നിയമിതനായി. കന്യാകുമാരി മുതൽ നിലയ്ക്കൽ വരെയുള്ള പ്രദേശം തിരുവനന്തപുരം അതിരൂപതയുടെ അജപാലന പ്രദേശമായി മാർപാപ്പ നിശ്ചയിച്ചു. പിന്നീട് തിരുവനന്തപുരം അതിരൂപതയിൽനിന്നു മാർത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, പാറശ്ശാല രൂപതകൾ സ്ഥാപിതമായി. 2005 ഫെബ്രുവരി 10-ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയപ്പോൾ തിരുവനന്തപുരം അതിരൂപത മേജർ അതിരൂപതയായി ഉയർത്തപ്പെട്ടു.

നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി വെള്ളിയാഴ്ച രാവിലെ നടക്കും. സഭയുടെ പ്രഥമ ദേവാലയവും 1932-ൽ ഹയരാർക്കി സ്ഥാപന വിളംബര കല്പന വായിക്കപ്പെട്ടതുമായ തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്കയിലാണ് ചടങ്ങ്. രാവിലെ 6.30-ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വി. കുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാബാവാ നിർവഹിക്കും. പരിപാടികൾ മലങ്കര കാത്തലിക് ടി.വി.യിൽ തത്സമയം പ്രക്ഷേപണംചെയ്യും.