തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണിത്. വിദേശസഞ്ചാരികളെ ആകർഷിക്കാൻ വിവിധ രാജ്യങ്ങളിൽ പ്രചാരണം നടത്തും. 2025-ഓടെ 20 ലക്ഷം വിനോദസഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ, മുസിരിസ്, ട്രാവൻകൂർ, തലശ്ശേരി എന്നിവിടങ്ങളിലെ പൈതൃക ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. തീർഥാടന വിനോദസഞ്ചാര പദ്ധതികൾ പ്രോത്സാഹിപ്പിക്കും. മലപ്പുറം ജില്ലയിൽ സ്വാതന്ത്ര്യസമരപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരുടെ സ്മാരകങ്ങൾ കോർത്തിണക്കി വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിക്കും.

ഹൗസ്ബോട്ട്, ഹോംസ്റ്റേ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ബസുകളിലെ ജീവനക്കാർ എന്നിവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യ നിർമാർജനത്തിന് പ്രത്യേക സംവിധാനം ഒരുക്കും. ഇ.ടി. ടൈസൺ മാസ്റ്റർ, വി. ശശി, ഇ. ചന്ദ്രശേഖരൻ, സി.സി. മുകുന്ദൻ, എം.കെ. മുനീർ, കുറുക്കോളി മൊയ്തീൻ, അബ്ദുൾ ഹമീദ് മാസ്റ്റർ, സി.എച്ച്. കുഞ്ഞമ്പു, തോമസ് കെ. തോമസ്, ഐ.സി. ബാലകൃഷ്ണൻ, വി. ജോയ്, കെ. ബാബു, എ.എൻ. ഷംസീർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ എല്ലാവർക്കും വാക്‌സിൻ

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വാക്സിൻ നൽകുമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ച് വാക്സിനേഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. ജൂലായ് പതിനഞ്ചിനകം വാക്സിൻ നൽകാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.