എടക്കര : വിദഗ്ധസമിതി നല്കിയ പഠന റിപ്പോർട്ടിനെത്തുടർന്ന് നിബന്ധനകളോടെ നാടുകാണിച്ചുരം വഴിയുള്ള ചരക്ക്, വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയുള്ള യാത്രയ്ക്കാണ് അനുമതി. ഇതിനെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരംമുതൽ വാഹനങ്ങൾ ഓടാൻ തുടങ്ങി.
ചുരത്തിലെ അത്തിക്കുറുക്കിലുണ്ടായ വിള്ളലിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഞായറാഴ്ച രാത്രിയിൽ ജില്ലാകളക്ടർ നിരോധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ്, ജില്ലാ ജിയോളജി ഓഫീസർ ഡോ. എ.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ചുരത്തിലെ തകർന്ന ഭാഗത്ത് പഠനം നടത്തിയത്.
പോലീസിന്റെ നിയന്ത്രണത്തിൽ വാഹനങ്ങൾ റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രം കടത്തിവിടണം, കനത്ത മഴപെയ്താൽ ചുരത്തിന്റെ താഴ്‌വരകളിലുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണം, ചുരത്തിലൂെടയുള്ള യാത്ര ജാഗ്രതയിലാവണം- മുതലായവയാണ് കളക്ടറുടെ നിബന്ധനകൾ. വിള്ളൽനേരിട്ട ഭാഗങ്ങളിലെ നവീകരണപ്രവർത്തനങ്ങൾ അടിയന്തരമായി ഊരാളുങ്കൽ ലേബർ സൊസൈറ്റി തുടങ്ങണമെന്നും നിർദേശത്തിലുണ്ട്.