മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ ആദ്യമെത്തി നടത്തിയ രക്ഷാപ്രവർത്തനം ദുരന്തംകുറച്ച സാഹചര്യത്തിൽ പരിസരവാസികൾക്ക് പരിശീലനം നൽകണമെന്ന് ആവശ്യമുയരുന്നു.
ആംബുലന്‍സുകള്‍ എത്തുംമുൻപ് പരിക്കേറ്റ നൂറോളം യാത്രക്കാരെ കിട്ടിയ കാറിലും മറ്റു വാഹനങ്ങളിലുമായി നാട്ടുകാരാണ് ആശുപത്രികളിലെത്തിച്ചത്. ഈ സാഹചര്യത്തിലാണ് നാട്ടുകാരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കേണ്ട ആവശ്യത്തിനു ശക്തിയേറുന്നത്.
പരിക്കേറ്റവരെ എങ്ങനെ ശാസ്ത്രീയമായി പുറത്തെടുക്കണമെന്നറിയാതെ നടത്തുന്ന രക്ഷാദൗത്യം അപകടകരമായിമാറും. പ്രത്യേകിച്ചും നട്ടെല്ലിനും മറ്റും പരിക്കേറ്റവരെ പരിശീലനം കിട്ടാത്തവര്‍ രക്ഷിക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കും. ഇത്തരക്കാരെ ആംബുലന്‍സില്‍പ്പോലും കിടത്തി ബന്ധിച്ചാണ് ആശുപത്രിയിലേക്കു മാറ്റുന്നത്. പരിക്കേറ്റവര്‍ അറിയാതെ ചലിക്കുന്നത് തടയാനാണിത്.
പരിക്കേറ്റ് നിലവിളിക്കുന്നവരെ ആദ്യം പുറത്തെടുക്കുകയാണ് പരിശീലനംകിട്ടാത്ത രക്ഷാപ്രവര്‍ത്തകര്‍ സാധാരണചെയ്യുക. എന്നാല്‍ ഇത്തരക്കാരെ അവസാനം പുറത്തെടുത്താല്‍ മതിയെന്നാണ് പരിശീലനംലഭിച്ച ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ഇവര്‍ക്ക് ബോധമുണ്ടെന്നതിനാലും വേദന അറിയുന്നുവെന്നതിനാലും ഇവര്‍ താരതമ്യേന സുരക്ഷിതരാണ് എന്നതുകൊണ്ടാണിത്. ബോധമില്ലാതെ കിടക്കുന്നവരെ നുള്ളിനോക്കി വേദന അറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്കാണ് ആദ്യപരിഗണന നല്‍കേണ്ടതെന്ന കാര്യം പരിശീലനം ലഭിച്ചവര്‍ക്കേ അറിയൂ.