കോന്നി: കശുമാങ്ങയിൽനിന്ന് ഫെനി ഉത്‌പാദിപ്പിക്കാനുള്ള കശുവണ്ടി വികസന കോർപ്പറേഷന്റെ പദ്ധതിക്ക് കടമ്പകൾ ഏറെ. പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ ലഹരിപാനീയങ്ങൾ ഉത്‌പാദിപ്പിക്കാൻ സംസ്ഥാനത്ത് എക്സൈസ് ചട്ടം ഇതുവരെ അനുവദിച്ചിട്ടില്ല. എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിൽമാത്രമേ ലഹരിപാനീയമായ ഫെനി നിർമാണം സാധ്യമാകൂ.

ഗോവയിലെ ഫെനി നിർമാണത്തിന്റെ മാതൃകയിൽ കേരളത്തിലും ഇത് നിർമിക്കാനായിരുന്നു കശുവണ്ടി വികസന കോർപ്പറേഷന്റെ പദ്ധതി. ഇതിനായി വിശദമായ റിപ്പോർട്ട് സർക്കാരിനും നൽകി. പതിനഞ്ചുകോടി രൂപയായിരുന്നു നീക്കിവച്ചിരുന്നത്. ഫെനി വില്പനയിലൂടെ കോടികൾ നേടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈവർഷത്തെ കശുമാങ്ങ സീസൺ ഏപ്രിൽ അവസാനത്തോടെ അവസാനിക്കും. കശുവണ്ടി ശേഖരിച്ചശേഷം കശുമാങ്ങ ഉപയോഗശൂന്യമായി പോകുകയാണ്. എൺപതിനായിരം ടണ്ണോളം കശുമാങ്ങ ഇങ്ങനെ ഉപയോഗശൂന്യമാകുന്നു എന്നാണ് ഏകദേശ കണക്ക്.

ഫെനി ഉത്‌പാദനത്തിനായി നിശ്ചിതവിലയ്ക്ക് കശുമാങ്ങ കർഷകരിൽനിന്ന് വാങ്ങാനും ആലോചിക്കുന്നുണ്ട്. ഈ സീസണിൽ കശുവണ്ടി കോർപ്പറേഷന്റെ ഫെനി നിർമാണം നടക്കാനിടയില്ല. കശുമാങ്ങയ്ക്കുപുറമേ കൈതച്ചക്ക, വാഴപ്പഴം എന്നിവയും ഫെനി ഉത്‌പാദനത്തിനായി ഉപയോഗിക്കാൻ പദ്ധതിയുണ്ട്. കേരളത്തിൽ കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ് വൻകിട കശുമാവിൻതോട്ടങ്ങളുള്ളത്. സർക്കാരിന്റെ അനുമതി കിട്ടുന്നമുറയ്ക്ക് ഫെനി ഉത്‌പാദിപ്പിക്കാനുള്ള ഫാക്ടറി തലശ്ശേരിയിലോ കൊട്ടിയത്തോ ആരംഭിക്കാനാണ് പദ്ധതി എന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ജയമോഹൻ പറഞ്ഞു.

പഴവർഗങ്ങളിൽനിന്ന് ലഹരിപാനീയങ്ങൾ നിർമിക്കാൻ നിലവിലെ നിയമത്തിൽ കൂട്ടിച്ചേർക്കലുകൾ വേണ്ടിവരും. അതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ ലഹരിപാനീയങ്ങൾ ഉത്‌പാദിപ്പിക്കാം എന്ന് സർക്കാർ നയം സ്വീകരിച്ചാലും നിലവിലെ എക്സൈസ് ചട്ടങ്ങൾ അതിന്‌ തടസ്സമാകുന്നു. മുൻപ് പ്ലാന്റേഷൻ കോർപ്പറേഷൻ ഫെനി നിർമാണത്തിന് സന്നദ്ധത കാട്ടിയെങ്കിലും അവർക്ക് എക്സൈസ് വകുപ്പ് അനുമതി നൽകിയില്ല.