എടപ്പാൾ: തിരഞ്ഞെടുപ്പുദിവസം ജോലിക്കെത്തിയവരെല്ലാം വേതനം കൈപ്പറ്റിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ബി.എൽ.ഒ.മാർക്ക് ഒന്നും കിട്ടിയില്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നുദിവസം 450-ഓളം വീടുകളിൽ വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്യാൻ 600 രൂപയാണ് ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരുന്നത്. 80 വയസ്സിനു മുകളിലുളളവർക്ക് തപാൽ വോട്ട് ചെയ്യിക്കാൻ പോയതിന് 650 രൂപ, തിരഞ്ഞെടുപ്പുദിവസം പോളിങ് ബൂത്തിന് പുറത്ത് വോട്ടർമാർക്കാവശ്യമായ സേവനം ചെയ്തതിന് 400 രൂപ, ഭക്ഷണച്ചെലവ് 250 രൂപ എന്നിവയടക്കം 1900 രൂപയാണ് ബി.എൽ.ഒാമാർക്ക് നൽകേണ്ടിയിരുന്നത്.

മറ്റുള്ളവർക്കെല്ലാം രണ്ടുദിവസത്തെ ജോലികഴിഞ്ഞ് പോകുമ്പോൾ വേതനം പണമായിത്തന്നെ നൽകി. അതിനുമുൻപേ ജോലിചെയ്ത ബി.എൽ.ഒമാർക്ക് ഒന്നും നൽകിയില്ലെന്നു മാത്രമല്ല എന്ന് ലഭിക്കുമെന്ന ഉറപ്പുപോലും ലഭിച്ചില്ല.

വോട്ടർപട്ടിക ശുദ്ധീകരണത്തിനായി നിയമിച്ച ബി.എൽ.ഓമാർക്ക് 6000 രൂപ പ്രതിവർഷവേതനവും 1200 രൂപ ഫോൺ ചാർജുമാണ് നേരത്തെ നിശ്ചയിച്ച പ്രതിഫലം. മാർച്ചിലാണ് ഇതു ലഭിക്കാറ്്‌. ഇത്തവണ ഇതും ലഭിച്ചില്ല.