കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ട് പുതിയ എയറോ ബ്രിഡ്ജുകൾ കൂടി സ്ഥാപിക്കുന്നു. നിലവിലെ അഞ്ച് എണ്ണത്തിന് പുറമെയാണിത്. യാത്രക്കാർക്ക് വിമാനത്തിൽനിന്ന് വെയിലും മഴയും ഏൽക്കാതെ നേരെ ടെർമിനലിലേക്ക് എത്താനുള്ള സംവിധാനമാണ് എയറോ ബ്രിഡ്ജുകൾ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിമാനത്താവളത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർപോർട്ട് അതോറിറ്റി പുതിയ എയറോ ബ്രിഡ്ജുകൾ സ്ഥാപിക്കുന്നത്.

പുതിയ അന്താരാഷ്ട ടെർമിനൽ കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്തപ്പോൾ പഴയ അന്താരാഷ്ട ടെർമിനൽ ആഭ്യന്തര ടെർമിനലാക്കി മാറ്റിയിയിരുന്നു. പുതിയ എയറോ ബ്രിഡ്ജുകൾ നിലവിൽവരുന്നതോടെ ഒരേസമയം 13 വിമാനങ്ങളിലെ യാത്രക്കാർക്ക് ടെർമിനലിൽ എത്താനാവും. നിലവിൽ ആഭ്യന്തര ടെർമിനലിൽ എയ്റോ ബ്രിഡ്ജ് സംവിധാനം ഇല്ല. ഓരോന്നിനും 30 ലക്ഷം രൂപ ചിലവിൽവിദേശത്തു നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുക. അഞ്ചെണ്ണം ആഭ്യന്തര ടെർമിനലും മൂന്നെണ്ണം അന്താരാഷ്ട്ര ടെർമിനലും ആയിരിക്കും. ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽ മൊത്തം പതിമൂന്ന് എയറോ ബ്രിഡ്ജുകൾ പ്രവർത്തനക്ഷമമാകും.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാംസ്ഥാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ പത്താംസ്ഥാനവുമാണ് കരിപ്പൂരിന്.

അടുത്തമാസത്തോടെ കൂടുതൽ ആഭ്യന്തര വിമാന കമ്പനികൾ കരിപ്പൂരിൽനിന്ന് സർവീസ് ആരംഭിക്കും. കോഴിക്കോട്ടുനിന്ന് ചെന്നൈ, മുംബൈ, ഡൽഹി ,ബെംഗളുരു, ഹൈദരാബാദ് മേഖലകളിലേക്കാണ് ആഭ്യന്തര വിമാനസർവീസുകൾ. അഹമ്മദാബാദ്, സെക്കന്ദരാബാദ്, ബെൽഗാം, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാനാണ് വിമാനക്കമ്പനികളുടെ ശ്രമം. ഇതോടെകൂടുതൽ യാത്രക്കാർ കോഴിക്കോട് എത്തുമെന്നും നിലവിലെ സാഹചര്യങ്ങൾ പോരാതെ വരുമെന്നും എയർപോർട്ട് അതോറിറ്റി നടത്തിയ എക്കോണമി സർവേ വ്യക്തമാക്കിയിട്ടുണ്ട് .