കണ്ണൂർ: കസ്റ്റംസ് ചോദ്യംചെയ്ത സംഭവത്തിന്റെ വിശദാംശങ്ങൾ സ്പീക്കർ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിൽ ഉന്നതസ്ഥാനമാണ് സ്പീക്കറുടേത്. ആ സ്ഥാനത്തിരിക്കുന്ന വ്യക്തിയെയാണ് ചോദ്യംചെയ്തത്.

ഈസ്ഥാനത്തിരിക്കുന്ന ഒരുവ്യക്തിയെ ഇതുവരെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തിട്ടില്ല. പ്രതിപക്ഷം പറഞ്ഞ ഓരോ കാര്യവും ശരിയായിവരുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കർ രാജിവെക്കണം -മുല്ലപ്പള്ളി

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യംചെയ്ത സാഹചര്യത്തിൽ പി. ശ്രീരാമകൃഷ്ണൻ എത്രയുംവേഗം സ്പീക്കർസ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്പീക്കറെ കസ്റ്റംസ് ചോദ്യംചെയ്തിട്ടും അത് രഹസ്യമാക്കിസൂക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. മന്ത്രി ജലീൽ തലയിൽ മുണ്ടിട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമുന്നിൽ ഹാജരായത് കേരളം മറന്നിട്ടില്ല.

കേരളചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട് -മുല്ലപ്പള്ളി പറഞ്ഞു.