തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ലോകായുക്ത പറഞ്ഞിട്ടും മന്ത്രിയെ പുറത്താക്കാത്തത് അതുകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

മറ്റു മന്ത്രിമാർക്കു കിട്ടാത്ത പ്രത്യേക അംഗീകാരം ജലീലിനു കിട്ടുന്നത് മഖ്യമന്ത്രിയുടെ ഇടപാടുകളിൽ കൂട്ടുകക്ഷി ആയതിനാലാണോയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചു.

ലോകായുക്ത ഉത്തരവിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജലീലിന്റെ രാജി ചോദിച്ചുവാങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണ്. ജലീലിനെ ന്യായീകരിക്കുന്ന മന്ത്രി എ.കെ. ബാലന്റെ നിലപാട് പരിഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു.