ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ജനറൽ ഇൻഷുറൻസിന് നൽകാനുള്ള കുടിശ്ശികയിൽ 102 കോടി രൂപ കൈമാറാൻ നടപടിയായി. ഡിസംബർ 16-ന് ട്രഷറിയിൽനിന്ന് ആരോഗ്യവകുപ്പിന് അനുവദിച്ച 252 കോടി രൂപയിൽ നിന്നാണിത്.
ബാക്കി 150 കോടി രൂപ ഇപ്പോഴും സ്വകാര്യബാങ്കിലെ പലിശരഹിത അക്കൗണ്ടിലാണ്. എസ്.ബി. അക്കൗണ്ട് നിരക്കിൽ പലിശ കണക്കാക്കിയാൽപ്പോലും സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെയുണ്ടാകുന്നത്.
സർക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടംതിരിയുമ്പോഴും ട്രഷറിയിൽനിന്ന് മാറ്റിയ തുക സ്വകാര്യബാങ്കിൽ ഒരുരൂപപോലും പലിശ കിട്ടാത്തവിധം സൂക്ഷിച്ചിരിക്കുകയായിരുന്നു. കരാർപ്രകാരമുള്ള പണം കിട്ടാത്തതിനാൽ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രി ബില്ലുകൾ പാസാക്കില്ലെന്ന് റിലയൻസ് ജനറൽ ഇൻഷുറൻസ് സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഭാഗികമായെങ്കിലും തുക കൈമാറിയത്.
ഈ സാമ്പത്തിക വർഷം എഴുന്നൂറുകോടി രൂപയോളമാണ് സർക്കാർ റിലയൻസിന് നൽകേണ്ടത്. ഇതിൽ 136 കോടി രൂപ കേന്ദ്രവിഹിതമാണ്. സെപ്റ്റംബർ 30-ന് മുൻപ് ഇതിൽ 90 ശതമാനം തുകയും കമ്പനിക്ക് കൊടുക്കണം. നേരത്തേ 299.63 കോടി രൂപ കൈമാറിയിരുന്നു. രണ്ടാംഗഡു 321 കോടി രൂപയാണ്. ഇതിൽ 69 കോടി കേന്ദ്രവിഹിതം.
ബാക്കി 252 കോടിരൂപയാണ് ഡിസംബർ 16-ന് സംസ്ഥാന സർക്കാർ ട്രഷറിയിൽനിന്ന് അനുവദിച്ചതും പിന്നീട്, സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ നിക്ഷേപിച്ചതും. കൃത്യമായി പണം നൽകാത്തിനാൽ ഒരുവിഭാഗം ആശുപത്രികൾ പദ്ധതിയിൽനിന്ന് പിന്മാറി.
എന്തുകൊണ്ട് പലിശരഹിത അക്കൗണ്ട്
ട്രഷറിയിൽനിന്ന് നേരിട്ടായിരുന്നു നേരത്തേ ഇൻഷുറൻസ് കമ്പനിക്ക് പണം നൽകിയിരുന്നത്. കേന്ദ്രവിഹിതവും ട്രഷറിയിലെത്തുമായിരുന്നു. എന്നാൽ, കേന്ദ്രം നൽകുന്ന പണം ഏറെ വൈകിമാത്രമേ കമ്പനിക്ക് കൈമാറിയിരുന്നുള്ളൂ. ഇതിനാൽ ട്രഷറിക്കുപുറത്ത് ബാങ്കിൽ തുടങ്ങുന്ന പലിശരഹിത അക്കൗണ്ടുവഴി തുകകൈമാറാൻ നാഷണൽ ഹെൽത്ത് അതോറിറ്റി (എൻ.എച്ച്.എ.) നിർദേശിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ വിഹിതം പലിശരഹിത അക്കൗണ്ടിലൂടെ കൈമാറിക്കഴിയുമ്പോൾ കേന്ദ്രവിഹിതവും ഇതേരീതിയിൽ നൽകും. ഫണ്ട് വിതരണത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് തുടങ്ങിയതെങ്കിലും കാലതാമസം തുടരുകയാണ്.
Content Highlights: 102 crore handovering to Karunya Health Insurance