തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചു. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്.

20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരം നൽകുന്ന പദ്ധതിയാണ് പ്രധാനം. ഇതിന്റെ രൂപരേഖ കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് ആദ്യ നൂറുദിനത്തിൽ സൃഷ്ടിക്കപ്പെടുക. പി.എസ്.സി.ക്ക് നിയമനങ്ങൾ വിട്ടുനൽകാൻ തീരുമാനിച്ച സ്ഥാപനങ്ങൾക്കുള്ള സ്‌പെഷ്യൽ റൂൾ രൂപവത്‌കരിക്കും. ജി.എസ്.ടി. വകുപ്പിൽ അധികമായിവന്നിട്ടുള്ള 200-ഓളം തസ്തികകൾ തദ്ദേശസ്വയംഭരണ വകുപ്പിൽ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്യും.

ഗെയ്‌ൽ പൈപ്പ് ലൈൻ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം നടത്തും. പരിസ്ഥിതിസൗഹൃദ കെട്ടിടനിർമാണത്തിനുള്ള ഗ്രീൻ റിബേറ്റ് ഓഗസ്റ്റിൽ പ്രാബല്യത്തിൽവരത്തക്കരീതിയിൽ മാനദണ്ഡങ്ങൾ രൂപവത്‌കരിക്കും. കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ്ബ് തുടങ്ങും. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻരക്ഷാമരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ ഉദ്ഘാടനവുമുണ്ടാകും. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള ധനസഹായവിതരണം ആരംഭിക്കും. വിശപ്പുരഹിത കേരളം ജനകീയ ഹോട്ടലുകൾക്ക് റേറ്റിങ്‌ നൽകുന്നതും ആരംഭിക്കും.

റീബിൽഡ് കേരളയിലൂടെ ഒമ്പത്‌ റോഡുകൾ, 25,000 ഹെക്ടറിൽ ജൈവകൃഷി, 12,000 പട്ടയങ്ങളുടെ വിതരണം, പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പപദ്ധതി തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

പദ്ധതികളുടെ പുരോഗതി നൂറുദിവസം കഴിയുമ്പോൾ പ്രത്യേകം അറിയിക്കും. പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്നും അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങൾ അറിയണമെന്ന കഴിഞ്ഞസർക്കാരിന്റെ സമീപനമാണ് ഇപ്പോഴുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.