തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി. മന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.

പണം കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതര ക്രമക്കേട് 2010-ൽ തുടങ്ങിയതാണെന്ന് കെ.എസ്.ആർ.ടി.സി.യുടെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട്സ്‌ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്.

യു.ഡി.എഫ്. ഭരണകാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ് ആരോപണം. രേഖകൾ സൂക്ഷിക്കാതെ ഫണ്ട് മാനേജ്‌മെന്റിൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.

കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവീസിലുണ്ട്. ഒരാൾ പിരിഞ്ഞുപോയി. രണ്ടുപേർ മറ്റു വകുപ്പുകളിൽനിന്ന് െഡപ്യൂട്ടേഷനിൽ എത്തിയവരാണ്. ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ഗുരുതരസ്വഭാവമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗതമന്ത്രി ശുപാർശ ചെയ്തത്.

അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള പരാതികളിൽ കേസെടുത്ത് അന്വേഷിക്കാൻ പോലീസിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫ് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുൺ തള്ളിയത്. വിഴിഞ്ഞം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറാണ് ഹർജിക്കാരൻ.