തിരുവനന്തപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പത്തുശതമാനം സംവരണംനൽകുന്നത് പൊതുവിഭാഗത്തിൽനിന്ന്. ഇതോടെ പൊതുവിഭാഗത്തിൽ സംവരണത്തിന് അർഹരല്ലാത്തവരുടെ നിയമനം 40 ശതമാനമായി കുറയും.

40 ശതമാനം ഒ.ബി.സി., എട്ടുശതമാനം പട്ടികജാതി, രണ്ടുശതമാനം പട്ടികവർഗം എന്നിങ്ങനെയാണ് നിലവിലെ സംവരണം. പകുതിയിലേറെ നിയമനം സംവരണത്തിനായി പരിഗണിക്കരുതെന്ന വ്യവസ്ഥയുള്ളതിനാലാണ് സാമ്പത്തികസംവരണം പൊതുവിഭാഗത്തിലുൾപ്പെടുത്തി ക്രമീകരിക്കുന്നത്.

സാമ്പത്തികസംവരണം ഏർപ്പെടുത്താൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചെങ്കിലും ഇനി പ്രത്യേക വകുപ്പുകളിൽനിന്ന് ഉത്തരവിറങ്ങണം. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ്, ആസൂത്രണ -സാമ്പത്തികകാര്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസവകുപ്പ്, പൊതുഭരണ (ഏകോപന) വകുപ്പ് എന്നിവയിൽനിന്നാണ് ഉത്തരവിറങ്ങേണ്ടത്. പല ശുപാർശകളും നടപ്പാക്കണമെങ്കിൽ റവന്യൂവകുപ്പിന്റെകൂടി അനുമതി വേണം. അതിനാൽ, റവന്യൂവകുപ്പുമായുള്ള കൂടിയാലോചനയ്ക്കുശേഷമേ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിൽനിന്ന് ഉത്തരവിറക്കാനാകൂ.

സാമ്പത്തികസംവരണത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകേണ്ടത് ഉപാധികളോടെയാകണമെന്നാണ് സർക്കാർ തീരുമാനം. അപേക്ഷകൻ നൽകുന്ന രേഖയാണ് നിയമനത്തിന് ആധാരമാക്കുന്നത്. പിന്നീടുള്ള പരിശോധനയിൽ ഈ രേഖ വ്യാജമാണെന്നോ തെറ്റായവിവരം ഉൾക്കൊള്ളുന്നതാണെന്നോ ബോധ്യപ്പെട്ടാൽ ജോലിയിൽനിന്ന് ഒഴിവാക്കുകയും ക്രിമിനൽ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന ഉപാധി അംഗീകരിച്ചാവണം നിയമനം നൽകേണ്ടതെന്നാണ് വ്യവസ്ഥ.

കുടുംബത്തിന്റെ വരുമാനമാണ് സംവരണത്തിനു കണക്കാക്കുന്നത്. അന്ത്യോദയ, അന്നയോജന റേഷൻ കാർഡുടമകൾക്കും റേഷൻ മുൻഗണനാ വിഭാഗക്കാർക്കും മറ്റുരേഖകൾ പരിഗണിക്കാതെ സംവരണത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകൻ ഇത്തരം കാർഡിലുൾപ്പെട്ടയാളാണെന്ന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ നൽകുന്നതിനു മുമ്പുള്ള സാമ്പത്തികവർഷത്തെ സാമ്പത്തികസ്ഥിതിയാണ് സംവരണത്തിന് അടിസ്ഥാനമാക്കുക. വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടത് വില്ലേജ് ഓഫീസറാണ്. തഹസിൽദാർ അപ്പീൽ അതോറിറ്റിയും ആർ.ഡി.ഒ. പുനഃപരിശോധാ അധികാരിയുമാണ്.

സംവരണം എവിടെ

* സർക്കാർ സർവീസുകളിൽ

* സർക്കാരിനു ഭൂരിഭാഗം ഓഹരിപങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ

* ന്യൂനപക്ഷ വിഭാഗത്തിന്റേതൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

* ന്യൂനപക്ഷ വിഭാഗത്തിന്റേതൊഴികെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

ആരാണ് സംവരണത്തിന് അർഹർ

* കുടുംബ വാർഷികവരുമാനം നാലുലക്ഷം രൂപയിൽ കവിയാത്തവർ

* പഞ്ചായത്തിൽ 2.5 ഏക്കറിൽ അധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപ്പറേഷനിൽ 50 സെന്റിലധികവും ഭൂമിയില്ലാത്തവർ

* വീടുൾപ്പെടുന്ന ഭൂമി മുനിസിപ്പൽ പ്രദേശത്ത് 20 സെന്റും കോർപ്പറേഷൻ പ്രദേശത്ത് 15 സെന്റും അധികരിക്കാത്തവർ

പരിഗണിക്കാത്ത വരുമാനം

* നഗരസഭയിലോ കോർപ്പറേഷനിലോ സംവരണാനുകൂല്യത്തിന് അർഹമായ പരിധിയിൽ മാത്രം വീടും ഭൂമിയും ഉള്ളവരുടെ വീട്ടുപറമ്പിൽനിന്നുള്ള കാർഷിക വാരുമാനം

* സാമൂഹിക സുരക്ഷാ പെൻഷൻ

* കുടുംബ പെൻഷൻ

* തൊഴിലില്ലായ്മ വേതനം

* ഉത്സവബത്ത

* യാത്രാ ബത്ത

* വിരമിക്കൽ ആനുകൂല്യം

എന്താണ് കുടുംബം

* അപേക്ഷകനും അപേക്ഷകന്റെ അച്ഛനും അമ്മയും

* പ്രായപൂർത്തിയാവാത്ത സഹോദരങ്ങൾ

* അപേക്ഷകന്റെ ജീവിതപങ്കാളി

* പ്രായപൂർത്തിയാവാത്ത മക്കൾ