തിരുവനന്തപുരം: മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ എസ്. നമ്പിനാരായണന് നഷ്ടപരിഹാരമായി 1.3 കോടി രൂപ നല്കണമെന്ന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ അദ്ദേഹത്തിന് സുപ്രീംകോടതി നിർദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശകമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേയാണ് ഈ തുക നൽകുക. നിയമവിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീർപ്പുകരാർ തിരുവനന്തപുരം സബ്‌ കോടതിയിൽ സമർപ്പിക്കും. കോടതിയുടെ തീരുമാനപ്രകാരമായിരിക്കും തുടർനടപടി.

നമ്പിനാരായണൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനുമാണ് കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയത്.

Content Highlights; 1.3 crore compensation to nambi narayanan