പറവൂർ: പഠനാവശ്യത്തിനായി ഓൺലൈനിൽ നെറ്റ് ബാങ്കിങ് വഴി പണമടച്ച് ബുക്ക് ചെയ്ത ലാപ്‌ടോപ്പിന്റെ പാഴ്‌സൽ വീട്ടിലെത്തി തുറന്നപ്പോൾ പെട്ടി നിറയെ പഴയ ഹിന്ദിപത്രങ്ങൾ മാത്രം.

പറവൂർ ടി.ബി. റോഡ് കളവമ്പാറ ജ്യോതിസ്ഗമയയിൽ കെ.എസ്. ജ്യോതിസിന്റെ മകളും കറുകുറ്റി എസ്.ഇ.എം.എസ്. കോളേജിലെ ബി.ആർക് വിദ്യാർഥിനിയുമായ കെ.ജെ. മനീഷ പ്രമുഖ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്ത് എത്തിയ പാഴ്സലിലാണിത്.

മനീഷയും രക്ഷിതാക്കളും പറവൂർ സി.ഐ.ക്കും സൈബർ സെല്ലിനും പരാതി നൽകി. എയ്സറിന്റെ പുതിയ മോഡൽ ലാപ്‌ടോപ്പാണ് ബുക്ക് ചെയ്തിരുന്നത്. പ്രൈം അക്കൗണ്ട് വഴി ഇതിനായി ജൂൺ ഏഴിന് 1,14,700 രൂപ മനീഷയുടെ അമ്മ കെ.പി. രമ്യയുടെ എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് നെറ്റ്ബാങ്കിങ് വഴി അയച്ചു. തുക കിട്ടിയതായും ഡെലിവറി ദിവസവും അറിയിച്ചുള്ള മെസേജും ലഭിച്ചു. ഹരിയാണയിൽനിന്നാണ് പാഴ്സൽ വന്നത്.

ഉടൻ തിരിച്ച് ബന്ധപ്പെട്ടപ്പോൾ രണ്ടുദിവസത്തിനകം അന്വേഷിച്ച് മറുപടി പറയാമെന്ന് വിവരം ലഭിച്ചു. ലാപ്‌ടോപ്പ് ഓൺലൈൻ ബുക്കിങ്ങിൽ ഇങ്ങനെ കബളിപ്പിക്കപ്പെട്ട പരാതികൾ മറ്റിടങ്ങളിലും പോലീസിനു ലഭിക്കുന്നുണ്ടെന്നാണ് വിവരം.