തൃശ്ശൂർ: സ്‌മാർട്ട് വാച്ച് മികച്ച ആത്മഹത്യാപ്രതിരോധ ഉപകരണമാക്കാമെന്ന് പഠനം. ഒരാൾ ആത്മഹത്യയിലേക്ക് നീങ്ങുന്നത് മുൻകൂട്ടി അറിയാനും അതുവഴി ഫലപ്രദമായ ഇടപെടലിലൂടെ തടയാനും സ്‌മാർട്ട് വാച്ച്‌ വഴി സാധിക്കും. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ മോണിറ്റർ മാഗസിനിലെ സെപ്റ്റംബർ ലക്കത്തിലാണ് ഈ പഠനമുള്ളത്. സ്‌മാർട്ട് വാച്ചിലൂടെ ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഭക്ഷണം, ഉറക്കം, നടത്തം, ഹൃദയമിടിപ്പ് തുടങ്ങിയവയൊക്കെ ഇതിൽ രേഖപ്പെടുത്തും. ഇത്‌ വിലയിരുത്താൻ കഴിഞ്ഞാൽ ആത്മഹത്യാപ്രവണത മനസ്സിലാക്കാം.

മാനസികസമ്മർദമുള്ളവർക്ക് ഉറക്കം തീരെ കുറവായിരിക്കും. അധികം നടത്തവും ഉണ്ടാവില്ല. ഭക്ഷണം വളരെ കുറയുകയോ കൂടുകയോ ചെയ്യാം. ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കത്തിനിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയും മനസ്സിലാക്കാം. അമേരിക്കയിലെ മൂന്ന്‌ പഠനങ്ങളാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. പ്രധാനമായും യുവാക്കളിലായിരുന്നു പഠനങ്ങൾ. സ്‌മാർട്ട് ഫോൺ ഉപയോഗം കൂടുന്ന പശ്ചാത്തലത്തിൽ ഈ വഴി കൂടുതൽ ഫലപ്രദമാണെന്നാണ് നിഗമനം. വ്യക്തിപരമായി ഒരുക്കാവുന്ന ചെലവ്‌ കുറഞ്ഞ വഴിയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

കേരളത്തിൽ വർഷം 8500 ആത്മഹത്യകൾ

കേരളത്തിൽ ഒരുവർഷം ശരാശരി 8500 പേർ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. കോവിഡ് പശ്ചാത്തലത്തിൽ ഇത്‌ കൂടിവരുന്നതായും സൂചനയുണ്ട്. ആത്മഹത്യ ചെയ്യാൻ ഉറച്ചവർ അത്‌ തുറന്നുപറയുന്നത് അപൂർവമാണ്. പോലീസിന്റെ ഔദ്യോഗിക കണക്കുകൾപ്രകാരം കേരളത്തിൽ ഒരുവർഷം മുന്നൂറോളം കുട്ടികൾ ആത്മഹത്യചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ആദ്യ എട്ടുമാസം മാത്രം 18 വയസ്സിൽ താഴെയുള്ള 177 വിദ്യാർഥികൾ വ്യത്യസ്ത കാരണങ്ങളാൽ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണക്ക്.

ഒരു വ്യക്തി ആത്മഹത്യചെയ്യുന്നതിനുമുൻപ് സൂചനകൾ നൽകാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മാനസികസമ്മർദം, നിരാശ, സംശയരോഗം, സ്‌കീസോഫ്രീനിയ, വൈകാരികവ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരിൽ ആത്മഹത്യാപ്രവണത വളരെ കൂടുതലാണെന്ന് വിദഗ്‌ധർ പറയുന്നു. ഇവയുടെ സൂചനകളും സ്‌മാർട്ട് വാച്ചിന്റെ കൃത്യമായ പരിശോധന വഴി കണ്ടെത്താനാകും.

കേരളത്തിലും പരീക്ഷിക്കാവുന്നത്

സ്‌മാർട്ട് ഫോൺ ഉപയോഗം കൂടുതലുള്ള കേരളത്തിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്. വ്യക്തിയിൽനിന്ന്‌ സ്‌മാർട്ട് വാച്ച് വഴി കിട്ടുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ ആരെങ്കിലും ഉണ്ടായാൽ മതി. മാതാപിതാക്കൾക്കോ ജീവിതപങ്കാളിക്കോ ആർക്കുവേണമെങ്കിലും ഇതിന് സാധിക്കും.

-കെ.ജി. ജയേഷ്

മനഃശാസ്ത്രവിദഗ്‌ധൻ, കൗൺസലർ

ഗവ. ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട