കോട്ടയ്ക്കൽ: പുതിയ പതിനഞ്ച് ഉത്പന്നങ്ങളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. ഇവയുടെ വിപണനോദ്ഘാടനം വ്യാഴാഴ്ച മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ ആദ്യകാല വിതരണക്കാരൻ കോട്ടയ്ക്കൽ ഗോപിനായർക്കുനൽകി നിർവഹിച്ചു.

‘ശരിയായ ആയുർവേദം, ശരിയായ ഫലപ്രാപ്തി’ എന്ന ആശയത്തിലൂന്നിയാണ് ഇവ വികസിപ്പിച്ചതെന്ന് ആര്യവൈദ്യശാല അറിയിച്ചു. ആര്യവൈദ്യശാലയുടെ ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലുംമറ്റു പ്രധാന മെഡിക്കൽ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ഈ ഉത്പന്നങ്ങൾ ലഭിക്കും.

രോഗപ്രതിരോധത്തിനുള്ള ആയുഷ്‌ക്വാഥ ചൂർണം, പേശിവേദന, സന്ധിവേദന, ഉളുക്ക് എന്നിവയിൽനിന്നു മോചനമേകുന്ന പെയിൻ സ്‌പ്രേ, പെയിൻ ബാം, ക്ഷീണമകറ്റാനുള്ള സി-ഹെൽത്ത് ഫോർട്ട്, മൃഗക്കൊഴുപ്പ് അടങ്ങിയിട്ടില്ലാത്ത വിഭ സോപ്പ്, വിഭ ഹാൻഡ് സാനിറ്റൈസർ, വിഭ ഹാൻഡ് വാഷ്, വിഭ ഹെയർകെയർ ക്രീം, വിഭ സ്കിൻകെയർ ക്രീം, കേശസംരക്ഷണത്തിനായുള്ള നറിഷിങ് ഷാംപൂ എന്നിവയാണ് പുതിയ ശ്രേണിയിലെ ചില ഉത്പന്നങ്ങൾ. സസ്യഎണ്ണയിൽ നിർമിക്കുന്ന സ്കിൻകെയർ സോപ്പ്, സ്കിൻ പ്രൊട്ടക്‌ഷൻ സോപ്പ് എന്നിവയും പുതിയവയാണ്. കുഞ്ഞുങ്ങൾക്കായി സസ്യ എണ്ണയിൽ നിർമിക്കുന്ന ‘ബേബി ഗ്ലോ’ സോപ്പ്, ബേബി ഓയിൽ എന്നിവയുമുണ്ട്.

ചീഫ് മാർക്കറ്റിങ് കെ.വി. രാമചന്ദ്രവാരിയർ ഡീലർമാർക്കുള്ള ആദ്യവില്പന നിർവഹിച്ചു. അംഗീകൃത വിതരണക്കാർക്കുള്ള ആദ്യവില്പന സെയിൽസ് അഡീഷണൽ ഹെഡ് ടി. ജയരാജ് നിർവഹിച്ചു. ചീഫ് ആർ. ആൻഡ് ഡി. ഡോ. ടി.എസ്. മാധവൻകുട്ടി ഉത്പന്നങ്ങൾ പരിചയപ്പെടുത്തി.

സി.ഇ.ഒ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, കെ.ആർ. അജയ്, ഡോ. പി. രാംകുമാർ, ജോയിന്റ് ജനറൽ മാനേജർമാരായ പി. രാജേന്ദ്രൻ, ഗ്രൂപ്പ് ക്യാപ്റ്റൻ യു. പ്രദീപ് വാരിയർ, സെയിൽസ് ആൻഡ് ഡിസ്ട്രിബ്യുഷൻ ഡെപ്യൂട്ടി മാനേജർ, ദീപക് വിജയൻ വാരിയർ, മാർക്കറ്റിങ് ഹെഡ് ടി.സി. നന്ദകുമാർ, ഡീലർ ലോഹി അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.