തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള 16 സ്ഥലങ്ങളിൽ മദ്യഷോപ്പുകൾ ആരംഭിക്കാനുള്ള സൗകര്യം ബിവറേജസ് കോർപ്പറേഷൻ കണ്ടെത്തി. ഇവയൊന്നും ബസ് സ്റ്റാൻഡുകളുമായി നേരിട്ടു ബന്ധമുള്ളവയല്ല. ഭൂവുടമയാണെന്നതുമാത്രമാണ് കെ.എസ്.ആർ.ടി.സി.യുടെ ബന്ധം. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇരുകോർപ്പറേഷനുകളും പുറത്തുവിട്ടില്ല.

ഡിപ്പോകളിൽ മദ്യവിൽപ്പനശാലകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരും പറയുന്നു. സ്റ്റാൻഡിന് തടസ്സമില്ലാത്തവിധത്തിൽ സ്ഥലം കണ്ടെത്താൻ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായിനടന്ന പരിശോധനകളെയാണ് ഡിപ്പോകൾക്കുള്ളിൽ മദ്യവിൽപ്പന ആരംഭിക്കുന്നുവെന്നവിധത്തിൽ ചിലർ പ്രചരിപ്പിച്ചത്. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഇടപാടിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നീക്കമെന്ന് അറിയുന്നു.

ഡിപ്പോകളിലെ മദ്യവിൽപ്പന ആലോചിച്ചിട്ടില്ല -എക്സൈസ് മന്ത്രി

കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ മദ്യവിൽപ്പന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ വീണ്ടും പറഞ്ഞു. ഏകപക്ഷീയമായ തീരുമാനമുണ്ടാവില്ല. ചില ഔട്ട്‌ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.