തിരുവനന്തപുരം: ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം. സുധീരൻ സോണിയാ ഗാന്ധിക്ക്‌ കത്തയച്ചു. രാജ്യത്തിന്റെ ആസ്തികൾ വിറ്റഴിക്കുന്ന മോദിസർക്കാരിനെതിരേ വൻ പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

1991 മുതൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന നവലിബറൽ നയങ്ങളുടെ തുടർച്ചയാണ് ബി.ജെ.പി. സർക്കാരിന്റേതെന്ന വാദത്തെ നേരിടാൻ കോൺഗ്രസ് ആത്മപരിശോധന നടത്തി തെറ്റുതിരുത്തണം. നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെ സാമ്പത്തിക, സാമൂഹിക നയങ്ങളിലേക്കു തിരിച്ചുപോകേണ്ട കാലം അതിക്രമിച്ചെന്നും സുധീരൻ ചൂണ്ടിക്കാട്ടി.