കോന്നി: പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനചാർജിങ്‌ സ്റ്റേഷൻ പത്തനംതിട്ട നഗരത്തിൽ സ്ഥാപിക്കുന്നു. പുതിയ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിന്റെ പരിസരത്ത് ചാർജിങ്‌ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 50 ചതുരശ്രമീറ്റർ സ്ഥലം നഗരസഭ അനെർട്ടിന് വിട്ടുനൽകും. ഒരു യൂണിറ്റിന് 70 പൈസ നിരക്കിൽ വാടകയായി നഗരസഭയ്ക്ക് ലഭിക്കും. അനെർട്ട് നേരിട്ടാണ് ചാർജിങ്‌ സ്റ്റേഷൻ സ്ഥാപിക്കുന്നത്. 20 ലക്ഷം രൂപയുടെ പദ്ധതിയാണ്. ഒരേസമയം മൂന്ന് വാഹനത്തിന്‌ ചാർജുചെയ്യാനുള്ള സൗകര്യം ലഭിക്കും. 142 കിലോവാട്ട് ശേഷിയുള്ളതാണ് ചാർജിങ്‌ സ്റ്റേഷൻ. കെ.എസ്.ഇ.ബി.യാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. ഒരുമാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി കമ്മിഷൻചെയ്യാനാണ് നീക്കം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുതന്നെ ചാർജിങ്‌ സ്റ്റേഷൻ വരുന്നത് ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് സഹായമാകും. മറ്റുപല ജില്ലകളിലും ഇലക്ട്രിക് ചാർജിങ്‌ സ്റ്റേഷനും സൗരോർജ വൈദ്യുതി ചാർജിങ്‌ സ്റ്റേഷനും വ്യാപകമാകുന്നുണ്ടെങ്കിലും പത്തനംതിട്ടയിൽ വേണ്ടത്ര പുരോഗതിയില്ല.