sപയ്യന്നൂർ: ആറുവർഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 8,09,629 പേർ. 2016 ജനുവരി മുതൽ 2021 ജൂലായ് വരയുള്ള കണക്കുകളാണിത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലാണീ വിവരം. പ്രതിവർഷം തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരിൽ കൂടുതലും തിരുവനന്തപുരത്താണ്-25,000 പേർ. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം പാളിയെന്ന ആക്ഷേപം നിലനിൽക്കെയാണീ കണക്കുകൾ പുറത്തുവന്നത്.

2019-ലാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,61,050 പേർക്കാണ് ഈ കാലത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. കടിയേറ്റവർക്ക് തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകുന്നുണ്ട്. തെരുവുനായശല്യത്തെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ നിർദേശപ്രകാരമാണിത്. 2016-17-ൽ 9.34 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. 2017-18-ൽ 38.52 ലക്ഷവും 2018-19-ൽ 1.61 കോടിയും 2019-20-ൽ 44.29 ലക്ഷവും നഷ്ടപരിഹാരമായി നൽകി.

അതേസമയം തെരുവുനായ വന്ധ്യംകരണപദ്ധതിയോട് തദ്ദേശസ്ഥാപനങ്ങൾ വിമുഖത കാണിക്കുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തെരുവുനായ്ക്കളെ പിടികൂടി ശസ്ത്രക്രിയയ്ക്കും തുടർപരിചരണത്തിനുംശേഷം അവയുടെ ആവാസസ്ഥലത്തുതന്നെ തിരികെ വിടുന്നതാണ് പദ്ധതി. ‘അനിമൽ ബർത്ത് കൺട്രോൾ’ പദ്ധതിക്കായി മാറ്റിവെക്കുന്ന തുകയുടെ നാലിലൊന്നുപോലും പലവർഷവും ചെലവഴിക്കുന്നില്ല. അഞ്ചുവർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ ആകെ നീക്കിവെച്ചത് 113.44 കോടി രൂപയാണെങ്കിലും ചെലവഴിച്ചത് 25.14 കോടി രൂപയാണ്. 2016-17ൽ 48.64 കോടി വകയിരുത്തിയതിൽ 8.61 കോടി രൂപയാണ് ചെലവഴിച്ചത്. 2020-21-ൽ വിഹിതം 7.86 കോടിയായി കുറഞ്ഞെങ്കിലും ചെലവാക്കിയത് 1.94 കോടി രൂപ മാത്രം. മരിച്ചത് 42 പേർ

ആറുവർഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് 42 പേരാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ മരണം -ഒൻപതു പേർ. തിരുവനന്തപുരം (അഞ്ച്), കൊല്ലം (നാല്), പത്തനംതിട്ട (രണ്ട് ), ആലപ്പുഴ (ഒന്ന്), ഇടുക്കി (രണ്ട്), എറണാകുളം (നാല്), തൃശ്ശൂർ (മൂന്ന്), പാലക്കാട് (രണ്ട്), മലപ്പുറം (നാല്), വയനാട് (മൂന്ന്), കണ്ണൂർ (മൂന്ന്) എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കണക്ക്. കാസർകോട്, കോട്ടയം ജില്ലകളിൽ ആറുവർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് ആരും മരിച്ചിട്ടില്ല.

വർഷം- തെരുവുനായ്ക്കളുടെ കടിയേറ്റവർ

2016- 1,35,217

2017- 1,35,749

2018- 1,48,365

2019- 1,61,050

2020- 1,60,483

2021 (ജൂലായ് വരെ)-68,765