കൊച്ചി: കോവിഡ് രൂക്ഷമായിരിക്കെ വീടുകളിലെത്തി കുട്ടികളുടെയും സ്ത്രീകളുടെയും തൂക്കവും പൊക്കവും അളക്കാൻ അങ്കണവാടി ജീവനക്കാർക്ക് വനിത-ശിശുവികസന വകുപ്പിന്റെ ഉത്തരവ്. ബുധനാഴ്ച മുതൽ ഈ മാസം 20 വരെ തുടർച്ചയായി വീടുകൾ കയറി ഇറങ്ങി പോഷകാഹാര നിലയും വളർച്ചാ നിരീക്ഷണവും നടത്തി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോവിഡ് ഭീതിയിൽ അങ്കണവാടി ജീവനക്കാരിലേറെയും വീടുകളിലേക്ക് പോകാൻ മടിക്കുകയാണ്. വീടുകളിൽനിന്ന്‌ എതിർപ്പുണ്ടാവുമെന്ന ഭയവും ഇവർക്കുണ്ട്.

കോവിഡ് കാരണം കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷകാഹാര നിലയും വളർച്ചാ നിരീക്ഷണവും കൃത്യമായി നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഉത്തരവെന്ന് അധികൃതർ വിശദീകരിക്കുന്നു. കുട്ടികൾക്കിടയിലെ വളർച്ചാ മുരടിപ്പ്, തൂക്കക്കുറവ്, പോഷണക്കുറവ് തുടങ്ങിയ കാര്യങ്ങൾ സമയബന്ധിതമായി തിരിച്ചറിയുകയാണ് മുഖ്യ ലക്ഷ്യം. പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് ഈ നിർദേശം.

വീടുകളിലെത്തി തൂക്കം അളക്കുന്നതിന് ’ഡിജിറ്റൽ വെയിങ് സ്‌കെയിൽ’ ഉപയോഗിക്കാനാണ് നിർദേശം. കുടുംബാംഗങ്ങളെക്കൊണ്ട് തൂക്കം നോക്കിപ്പിച്ച് അത് ശരിയാണോ എന്ന് അങ്കണവാടി ജീവനക്കാർ ഉറപ്പുവരുത്തണം. ഉയരമളക്കാൻ ചണനൂൽ ഉപയോഗിക്കണം. കുടുംബാംഗങ്ങളെക്കൊണ്ട് അളവെടുപ്പിച്ച് ആ നൂൽ ശേഖരിക്കണം.

തൂക്കം, ഉയരം തുടങ്ങിയവ രേഖപ്പെടുത്തുന്ന സമയത്ത് വീട്ടുകാരുമായി സമ്പർക്കമുണ്ടാകുമെന്നും ഇത് രോഗപ്പകർച്ചയ്ത്ത് കാരണമാകുമെന്നുമാണ് അങ്കണവാടി ജീവനക്കാർ ഭയക്കുന്നത്.