കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസ് പാഠമായി. ഇനി നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്‌ സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻ.ഡി.പി.എസ്.) പ്രകാരമുള്ള കേസുകൾ സ്ക്വാഡ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യാം.

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്‌ സ്പെഷ്യൽ സ്ക്വാഡ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുന്ന കേസുകളാണ് അതത് സ്ക്വാഡ് ഓഫീസുകളിൽ തന്നെ രജിസ്റ്റർ ചെയ്യാൻ തീരുമാനമായത്.

എക്സൈസ് വകുപ്പിലെ കേസുകൾ ഏതെങ്കിലും ഉദ്യോഗസ്ഥനോ, പ്രത്യേക യൂണിറ്റോ കണ്ടെത്തിയാലും കേസ് കണ്ടെടുക്കപ്പെടുന്ന അധികാര പരിധിയിലെ റേഞ്ച് ഓഫീസുകൾക്ക് കൈമാറണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഇത് എൻ.ഡി.പി.എസ്. കേസുകളിൽ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. പരിശോധന നടത്തുന്നതും മയക്കുമരുന്നും പ്രതികളെയും പിടികൂടുന്നതും സ്ക്വാഡുകാർ ആണെങ്കിലും ഇവരെ റേഞ്ച് പരിധിയിലേക്ക് കൈമാറുമ്പോൾ പലപ്പോഴും കാര്യങ്ങൾ മാറി മറിയും. സംഭവം നടക്കുന്നിടത്തെ കാര്യങ്ങൾ ഒന്നും അറിയാത്ത റേഞ്ചിലെ ഉദ്യോഗസ്ഥർ കേസെടുക്കുമ്പോൾ യഥാർഥ സംഭവവുമായി വ്യത്യാസം വരും.

ഇതെല്ലാം എഫ്.ഐ.ആറിലും പ്രതിഫലിക്കും. മാത്രമല്ല ആരെയെല്ലാം പ്രതി ചേർക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം റെയ്ഡിൽ പങ്കെടുക്കാത്തവരിൽ വന്നുചേരുകയും ചെയ്യും.

ഇവർ എഴുതിച്ചേർക്കുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ പിന്നീട് പ്രതികൾക്ക് ഗുണകരമാകുകയും ചെയ്യും. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്ക്വാഡ് ഉദ്യോഗസ്ഥർ പിടിച്ച് നൽകിയവരെയെല്ലാം പ്രതി ചേർക്കുകയും ഇതിൽ ചിലർ നിരപരാധികളാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവങ്ങളുമുണ്ടായിരുന്നു.

കാക്കനാട് കേസിൽ റെയ്ഡ് നടത്തിയത് എക്സൈസ് സ്റ്റേറ്റ് സ്ക്വാഡും കസ്റ്റംസും ചേർന്നായിരുന്നു. പിന്നീട് കേസെടുക്കുന്നതിനായി എറണാകുളത്തെ എക്സൈസ് സംഘത്തിന് കൈമാറി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തപ്പോൾ പ്രതികളെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടും തൊണ്ടിമുതലുകൾ നഷ്ടമായതു സംബന്ധിച്ചും വലിയ വിവാദങ്ങളുണ്ടായി.