കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ തയ്യിബ ഔലാദുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ കണ്ടെത്തി എക്സൈസ് ക്രൈംബ്രാഞ്ച്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. ഇതുവഴി മയക്കുമരുന്ന്‌ ശൃംഖലയുമായി ബന്ധപ്പെട്ട കണ്ണികളുടെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ഇതോടൊപ്പം തയ്യിബയും മറ്റു പ്രതികളും തമ്മിലുള്ള ബന്ധങ്ങൾ തെളിയിക്കുന്ന വിവരങ്ങളും ലഭിച്ചു. കാക്കനാട്, തൃക്കാക്കര എന്നിവിടങ്ങളിൽ തയ്യിബ താമസിച്ചിരുന്ന ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റിലും നടത്തിയ പരിശോധനകളിലാണ് വിവരങ്ങൾ ശേഖരിച്ചത്. തയ്യിബ പേയിങ് ഗസ്റ്റായും വാടകയ്ക്കും താമസിച്ച മൂന്നിടങ്ങളിലായിരുന്നു പരിശോധന. ഇവിടെയെല്ലാം കേസിലെ മറ്റു പ്രതികളും വന്ന് താമസിച്ചിട്ടുണ്ട്. താമസ സ്ഥലങ്ങളിലെ സന്ദർശക രജിസ്റ്ററിൽനിന്നാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

പ്രതികൾ മയക്കുമരുന്ന് ഇടപാട് നടത്താനായി പോയ സ്ഥലങ്ങളിലും തയ്യിബയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തയ്യിബയുടെ കസ്റ്റഡി കാലാവധി തീർന്നതിനാൽ ഇവരെ എക്സൈസ് കോടതിയിൽ ഹാജരാക്കി.

പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചവർക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അറിയിച്ചുക്കൊണ്ടുള്ള നോട്ടീസ് നൽകിത്തുടങ്ങി. അതേസമയം കേസിൽ കേന്ദ്ര ഏജൻസികൾ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവെന്ന വാർത്ത എക്സൈസ് ക്രൈംബ്രാഞ്ച് തള്ളി.