അമ്പലപ്പുഴ: തീരദേശമേഖലയിലെ ജനങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടു മുതലെടുത്ത് അവയവങ്ങൾ വിൽക്കുന്ന സംഘങ്ങൾ വ്യാപകം. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ തീരദേശത്തോടുചേർന്ന വാർഡുകളിൽനിന്ന് 22 പേർ അവയവം വിറ്റതായാണു വിവരം. ഇതിൽ പതിനഞ്ചുപേരും സ്ത്രീകളാണ്. 21 പേർ വൃക്കയും ഒരാൾ കരളുമാണു കൊടുത്തത്.

ലക്ഷങ്ങൾ വാഗ്‌ദാനംചെയ്ത് അവയവങ്ങളെടുത്തശേഷം മുഴുവൻ പണവും നൽകാതെ സംഘങ്ങൾ മുങ്ങുന്നതായും പറയുന്നു. പരാതികളില്ലാത്തതുകൊണ്ട് പോലീസ് ഇടപെട്ടിട്ടില്ല. മാധ്യമവാർത്തകളെത്തുടർന്ന് വിഷയത്തിൽ അന്വേഷണം വേണമെന്ന് എച്ച്. സലാം എം.എൽ.എ. ആവശ്യപ്പെട്ടു.

അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിലെ 14, 15 വാർഡുകളിലും വടക്ക് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലും പുറക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലുമായാണ് ഏതാനും വർഷമായി അവയവവിൽപ്പന വ്യാപകമായത്. വാഗ്‌ദാനങ്ങളുമായി ഏജന്റുമാരെത്തുമ്പോൾ മത്സ്യത്തൊഴിലാളിക്കുടുംബങ്ങളിലെ അംഗങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകാരണം വൃക്ക, കരൾ എന്നിവ വിൽക്കുന്നുവെന്നാണു സൂചന. വിൽപ്പന കഴിയുമ്പോൾ പറഞ്ഞ തുക പൂർണമായും ലഭിച്ചില്ലെങ്കിലും പേടിമൂലം ആരും പുറത്തുപറയാറില്ല.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിന്നാലാം വാർഡിൽ 2015 മുതൽ അവയവക്കച്ചവടം നടന്നിട്ടുണ്ട്. ആദ്യം വൃക്കനൽകിയ സ്ത്രീക്കു മൂന്നുലക്ഷം രൂപയാണു ലഭിച്ചത്. പിന്നീടിങ്ങോട്ട് ഏഴും എട്ടും ലക്ഷം രൂപവരെയും കിട്ടിയവരുണ്ട്. ഇക്കൊല്ലം ഫെബ്രുവരിയിലും വൃക്കവിൽപ്പന നടന്നു. കൊച്ചിയിലെയും തൃശ്ശൂരിലെയും പ്രമുഖ സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടാണു വിൽപ്പനയെന്നു പറയുന്നു. അവരുമായി ബന്ധപ്പെട്ട ഏജന്റുമാർ തീരദേശമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തെ ചിലരെയും ഇക്കൂട്ടർ കണ്ണികളാക്കിയിട്ടുണ്ട്.

bbവൃക്ക വിറ്റവരിൽ ദമ്പതിമാരും

bb: വൃക്കവിൽപ്പന നടത്തിയവരിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ ദമ്പതിമാരും ഉൾപ്പെടുന്നു. ഇവർക്ക് ഏഴുലക്ഷം രൂപ വീതമാണു ലഭിച്ചത്. പുതുതായി നാലുസ്ത്രീകൾ വൃക്കവിൽപ്പനയ്ക്കായി ഏജന്റുമാരുമായി ധാരണയിലെത്തി ആശുപത്രിയെ സമീപിച്ചതായി വിവരമുണ്ട്. അവയവവിൽപ്പന നടത്തുന്ന ലോബികൾ ഏജന്റുമാരെ ഉപയോഗിച്ചു വിൽക്കാൻ തയ്യാറുള്ളവരെ കണ്ടെത്തുകയും മെഡിക്കൽ പരിശോധന നടത്തിക്കുകയും ചെയ്യുകയാണു രീതി. അവയവങ്ങൾ ആവശ്യമുള്ളവരെത്തുന്ന സമയംവരെ ചെറിയ തുകകൾ നൽകി ഏജന്റുമാർ അവരെ നിലനിർത്തും.

bbവിൽപ്പന നിയമവിധേയമല്ല

bb: അവയവദാനത്തിലെ വാണിജ്യതാത്പര്യം ഇല്ലാതാക്കണമെന്നും വൃക്കയാവശ്യപ്പെട്ടു പരസ്യം നൽകുന്നരീതി വേണ്ടെന്നും 2017 നവംബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിനുശേഷം അവയവദാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സർക്കാർ പുതുക്കി. പണംനൽകി അവയവങ്ങൾ സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്യാൻ നിലവിൽ വ്യവസ്ഥയില്ല. ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തിന് അനുമതി നൽകാനായി മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചു സമിതികളുമുണ്ട്. ഇവർ അംഗീകരിച്ചാലേ അവയവദാനം പാടുള്ളൂ. മസ്തിഷ്‌ക്കമരണം സംഭവിക്കുന്നവരുടെ അവയവദാനത്തിനായി കേരള അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയുമുണ്ട്.