ആലപ്പുഴ: ബിവറേജസ് കോർപ്പറേഷനിലെ ഭൂരിപക്ഷം ജീവനക്കാരുടെയും തസ്തികകൾ ഏകീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ കമ്മിഷനെ നിയോഗിച്ചു. കോർപ്പറേഷൻ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, ലേ ഓഫീസർ, ഇൻറ്റേണൽ ഓഡിറ്റർ എന്നിവർ ഉൾപ്പെടുന്ന കമ്മിഷന്റെ ആദ്യ സിറ്റിങ് പൂർത്തിയായി. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ബി.എം.എസ്. സംഘനടകളുടെ പ്രതിനിധികൾ ഓൺലൈനായി സിറ്റിങ്ങിൽ ഹാജരായി.

സ്റ്റാഫ് പാറ്റേൺ നടപ്പാക്കിയപ്പോൾ 2500-ഓളം വരുന്ന തൊഴിലാളികളുടെ തസ്തികകൾ ഏകീകരിച്ചെങ്കിലും അതു നോൺ കേഡറാക്കിയിരുന്നു. അതോടെ മറ്റു ജീവനക്കാരെപ്പോലെ പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങൾ ലഭിക്കില്ലെന്നായി. അതാണു പരാതിക്കിടയാക്കിയത്. നിർത്തിയ ബ്രാൻഡിഷോപ്പുകളിലെ തൊഴിലാളികൾ, ചാരായ നിരോധത്തെത്തുടർന്ന് ആത്മഹത്യചെയ്ത തൊഴിലാളികളുടെ ആശ്രിതർ, താത്കാലികക്കാർ എന്നിങ്ങനെ നിയമിക്കപ്പെട്ടവരിൽ ഭൂരിപക്ഷം വരുന്നവരാണ് സ്റ്റാഫ് പാറ്റേൺ വന്നപ്പോൾ വേർതിരിവു നേരിടുന്നത്.

സ്റ്റാഫ് ഫിക്സേഷനനുസരിച്ച് എൽ.ഡി.സി., യു.ഡി.സി. എന്നീ രണ്ടുവിഭാഗങ്ങളാണ് ഉണ്ടാവേണ്ടത്. എന്നാൽ, എൽ.ഡി.സി. (നോൺ കേഡർ), യു.ഡി.സി.(നോൺ കേഡർ) എന്നീ വിഭാഗങ്ങളായാണു നിശ്ചയിച്ചത്. മാത്രമല്ല, നോൺ കേഡർ തസ്തികയിലുള്ള അബ്കാരി തൊഴിലാളികളെ ഓഫീസ് അസിസ്റ്റന്റുമാരുടെ എണ്ണത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.

എൽ.ഡി.സി. യുടെയും യു.ഡി.സി. യുടെയും എണ്ണം വർധിപ്പിച്ച് അവരെ കേഡർ തസ്തികയിൽ നിയമിക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. സംഘടനകളെ പ്രതിനിധാനംചെയ്ത് കെ.വി. രാജേന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, എൻ. അഴകേശൻ, ആർ. ശിശുകുമാർ, എ.പി. ജോൺ, എസ്. സൂര്യപ്രകാശ് എന്നിവർ പങ്കെടുത്തു. വിശദമായ ചർച്ചയ്ക്കുശേഷം റിപ്പോർട്ട് സർക്കാരിനു കൈമാറുമെന്ന് ബെവ്കോ ജനറൽ മാനേജർ ജി. അനിൽകുമാർ പറഞ്ഞു.