കണ്ണൂർ: ആറളം വീർപ്പാട് ആദിവാസി കോളനിയിലെ ചെമ്പൻ എന്ന അമ്പത്തഞ്ചുകാരൻ ആ ഫോട്ടോകൾ കണ്ട് ഞെട്ടിയതിന് കൈയും കണക്കുമില്ല. പാന്റ്സും കോട്ടും തൊപ്പിയുമണിഞ്ഞ് കൂളിങ് ഗ്ലാസ് ധരിച്ചുള്ള തന്റെ ‘മേക്ക് ഓവറി’ൽ അദ്ദേഹം തെല്ലൊന്നുമല്ല അമ്പരന്നത്. മോഡലുകളെപ്പോലും അമ്പരപ്പിച്ച ഈ ഫോട്ടോയ്ക്കുപിറകിൽ പേരാവൂർ തൊണ്ടിയിൽ സ്വദേശി അലൻ വിക്രാന്ത് (24) എന്ന ഫോട്ടോഗ്രാഫറാണ്. അരയ്ക്കുതാഴെ തളർന്ന് മൂന്നുവർഷത്തിനുശേഷം ചക്രക്കസേരയിലിരുന്ന് അലനെടുത്ത ആദ്യ ഫോട്ടോ. കണ്ണടച്ചുതുറക്കും മുൻപേ ‘വിദേശപൗരനാ’യി മാറിയ ചെമ്പനോടൊപ്പം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ താരമാണ് അലനും.

2018 സെപ്റ്റംബർ ഒൻപത്. കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമട്ടോഗ്രഫി പഠിച്ചിറങ്ങിയ അലന്റെ ജീവിതത്തിന്റെ ‘ഫോക്കസ്’ നഷ്ടപ്പെട്ട ദിവസം. ഒരു ദേശീയ ഹർത്താലിന്റെ തലേന്നാളായിരുന്നു അന്ന്. സുഹൃത്തും സഹപ്രവർത്തകനുമായ നിധിന്റെ ക്ഷണപ്രകാരമാണ് രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്രതിരിച്ചത്. നിധിനോടൊപ്പം കോട്ടയം അതിരമ്പുഴയിൽ നടത്തിയിരുന്ന സ്റ്റുഡിയോ പൂട്ടിയശേഷം ബൈക്കിലായിരുന്നു യാത്ര.

അതിരമ്പുഴ-ഏറ്റുമാനൂർ റൂട്ടിൽ അലനും നിധിനും സഞ്ചരിച്ച ബൈക്കിൽ കാർ വന്നിടിച്ചു. നിധിൻ വൈകാതെ മരിച്ചു. നട്ടെല്ലിന് സാരമായ പരിക്കുകളോടെ അലൻ ആസ്പത്രിക്കിടക്കയിലുമായി. ആഴ്ചകൾക്കുശേഷമാണ് തന്റെ അരയ്ക്കുതാഴെ തളർന്നിരിക്കുന്നുവെന്ന സത്യം അലൻ തിരിച്ചറിഞ്ഞത്. പലഘട്ടങ്ങളിലായി ആറുമാസം നീണ്ട ആസ്പത്രിവാസം... രണ്ട് ശസ്ത്രക്രിയകൾ... ചികിത്സയ്ക്കായി ഇതുവരെ ചെലവായത് 50 ലക്ഷത്തോളം രൂപ. ഫിസിയോതെറാപ്പിയുടെ പ്രതീക്ഷയിലാണ് ഇപ്പോഴത്തെ ജീവിതം.

നിധിന്റെ മരണത്തിനുമുൻപ് അദ്ദേഹത്തെ പ്രധാന കഥാപാത്രമാക്കി അലൻ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു, ‘കോട്ടയത്ത് ഒരു പ്രണയകാലത്ത്’ എന്ന പേരിൽ. ഷൂട്ടിങ് പൂർത്തിയായിരുന്നില്ലെങ്കിലും അലൻ നാലുമാസം മുൻപേ ആ ചിത്രം പുറത്തിറക്കി. ‘ഫോട്ടോയിൽ കാണുന്നപോലെയല്ലല്ലോ. ഇതാവുമ്പോ അവനെ എപ്പോഴും കാണാലോ...’ അലൻ പ്രിയ സുഹൃത്തിനെ ഓർക്കുന്നു.

ഇപ്പോൾ ഒരു ഫീച്ചർ ഫിലിമിന്റെ രചന പൂർത്തിയാക്കിയിരിക്കുകയാണ് അലൻ. ‘നിർമാതാക്കളെ പോയി കാണാനും മറ്റുമാണ് ഇപ്പോൾ ബുദ്ധിമുട്ട്. മറ്റ് അണിയറപ്രവർത്തകരെല്ലാം പരിചയത്തിലുണ്ട്. പഴയപോലെ എണീറ്റുനടക്കും എന്നെനിക്കുറപ്പുണ്ട്. ഓടിനടന്ന് പടങ്ങളും ഹ്രസ്വചിത്രങ്ങളുമെടുത്തിരുന്ന പഴയ കാലം. അതാണെന്റെ സ്വപ്നം...’ അലന്റെ വാക്കുകളിലുണ്ട് ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവും തൊഴിലിനോടുള്ള ഒടുങ്ങാത്ത പ്രണയവും.