തിരുവനന്തപുരം: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയർത്തിനിർത്തിയതിൽ താപവ്യതിയാനത്തിനും പങ്കുണ്ടെന്ന് പഠനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് 158 രാജ്യങ്ങളിലെ വിവരങ്ങൾ വിശകലനംചെയ്തത്.

താപവ്യതിയാനത്തിൽ (ടെമ്പറേച്ചർ അനോമലി) ഒരു ഡിഗ്രിയുടെവരെ ഉയർച്ചയുണ്ടായിട്ടുള്ള രാജ്യങ്ങളിൽ ആയിരത്തിൽ 300 രോഗികളുടെ വർധനയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആയിരത്തിൽ എഴുന്നൂറുവരെ മരണങ്ങളെയും താപവ്യതിയാനം സ്വാധീനിച്ചിട്ടുണ്ടാകുമെന്നും സംഘം കണക്കാക്കുന്നു. 158 രാജ്യങ്ങളിലെ രോഗികളുടെ എണ്ണം, മരണസംഖ്യ എന്നിവയെ ‘നാസ’ പ്രവചിച്ചിട്ടുള്ള സൂക്ഷ്മമായ താപവ്യതിയാനവുമായി തട്ടിച്ചാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് േമയ് മുതൽ ജൂലായ് വരെയും സെപ്റ്റംബറിലെയും കോവിഡ് കണക്കുകൾ സംഘം വിലയിരുത്തി. താപവ്യതിയാനം കുറഞ്ഞയിടങ്ങളിൽ രോഗികളുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞിട്ടുണ്ട്. ബിഹാർ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം.

തുടർച്ചയായ വർഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഓരോ പ്രദേശത്തുമുണ്ടാകുന്ന താപവ്യതിയാനം പ്രവചിക്കപ്പെടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പവും ശ്വാസകോശരോഗങ്ങളും തമ്മിൽ ബന്ധമുള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, രോഗവ്യാപനത്തിൽ അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം എന്നിവയ്ക്ക് പങ്കില്ലെന്ന് പഠനസംഘം കണ്ടെത്തി. ഇതേത്തുടർന്നാണ് താപവ്യതിയാനത്തിന്റെ സ്വാധീനം പരിശോധിച്ചത്. അന്തരീക്ഷ ഊഷ്മാവ്, ഈർപ്പം, വിവിധ രാജ്യങ്ങളിലെ സാമൂഹിക, സാമ്പത്തിക അവസ്ഥകൾ ഉൾപ്പെടുന്ന മാനവവികസനസൂചിക എന്നിവയാണ് പഠനഘടകങ്ങളാക്കിയത്. ഒപ്പം ലോകാരോഗ്യസംഘടനയുടെ കോവിഡ് കണക്കുകളും മരണസംഖ്യയും വിലയിരുത്തി.

ആഗോളതാപനത്തിന്റെ സൂചകങ്ങളിലൊന്നാണ് താപവ്യതിയാനമെന്നതാണ് പഠനത്തെ കൂടുതൽ പ്രസക്തമാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥിയായിരുന്ന, ഇടുക്കി ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹരിപ്രസാദ് താഴത്തേടത്ത് ‘മാതൃഭൂമി’യോട് പറഞ്ഞു. പഠനം അന്താരാഷ്ട്ര ജേർണലായ ജിയോ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. ഡോക്ടർമാരായ ടി.എസ്. അനീഷ്, രതീഷ് കെ.എച്ച്., ഡെന്നിസ് റോബർട്ട്, സോർണ പി. നാരായണൻ, പ്രതീഷ് സി. മാമ്മൻ, സെൽവരാജ സിദ്ധാർഥ്‌, ശ്രീറാം വെങ്കിട്ടരാമൻ, ശേഖർ എൽ. കുര്യാക്കോസ് എന്നിവരും പങ്കാളികളായി.