തിരുവനന്തപുരം: ശബരിമലയിൽ തുലാമാസപൂജയ്ക്ക് പ്രവേശനത്തിന് വെർച്വൽക്യൂ സംവിധാനം ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ സജ്ജമാകുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കെ.എ.പി. അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് കെ. രാധാകൃഷ്ണനാണ് പോലീസ് സ്പെഷ്യൽ ഓഫീസർ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെ.എ.പി. മൂന്നാം ബറ്റാലിയൻ കമാൻഡന്റും അദ്ദേഹത്തെ സഹായിക്കും.

ഒറ്റത്തവണയായി 250-ലധികംപേരെ സന്നിധാനത്തേക്കു വിടില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമാകും പ്രവേശനം. തീർഥാടകരും ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ഉൾപ്പെടെ ആർക്കും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവില്ല.

ബി.പി.എൽ. വിഭാഗത്തിലുള്ളവർക്ക് ആയുഷ്മാൻഭാരത് കാർഡുണ്ടെങ്കിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും സൗജന്യം കിട്ടും. പമ്പയിൽനിന്ന് സ്വാമി അയ്യപ്പൻ റോഡുവഴിയാകും മലകയറ്റവും ഇറക്കവും. അന്നദാനത്തിന് കടലാസ് പ്ലേറ്റുകൾ. സ്റ്റീൽബോട്ടിലുകളിൽ 100 രൂപയ്ക്ക് കുടിവെള്ളം ലഭിക്കും. കുപ്പി തിരികെയേൽപ്പിക്കുമ്പോൾ പണം മടക്കിനൽകും. പമ്പാസ്നാനത്തിനുപകരം ഷവറുകൾ സ്ഥാപിക്കും.