നീലേശ്വരം: നീലേശ്വരം കരുവാച്ചേരിയിൽ ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ബേഡഡുക്ക താലൂക്ക് ആസ്പത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ തൃശ്ശൂർ ചേർപ്പ് പൂത്തറക്കൽ സ്വദേശി പോൾ ഗ്ലെറ്റോ എൽ. മാറോക്കി (50) മരിച്ചു. താലൂക്ക് ആസ്പത്രിയിലെ മെഡിക്കൽ ഓഫീസർ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഡോ. ദിനു ഗംഗൻ (30), അമ്മ പ്രവീണ (60), മക്കളായ ദിഷാൻ ലാൽ (അഞ്ച്), ദീക്ഷിത് (മൂന്ന്), ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ടി. പ്രദീപൻ (40) എന്നിവർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിനായി നിർമിച്ച കരുവാച്ചേരിയിലുള്ള കോൺക്രീറ്റ് സ്പാനിൽ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന്‌ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ആസ്പത്രിയിലെത്തിക്കും മുൻപ് പോൾ മരിച്ചു. പ്രദീപനാണ് വാഹനം ഓടിച്ചിരുന്നത്. പ്രദീപനെയും മരിച്ച പോളിനിനെയും നീലേശ്വത്തെയും മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെയും ആസ്പത്രികളിലാണ് ആദ്യം കൊണ്ടുപോയത്. പരിക്കേറ്റ അഞ്ചുപേരെയും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക്‌ മാറ്റി.

പ്രദീപന് പുറത്താണ് പരിക്ക്. ദിഷാൻ ലാലിന്റെയും പ്രവീണയുടെയും കാലിലും ദിനു ഗംഗന്റെ കൈയിലും പൊട്ടലുണ്ട്. ശനിയാഴ്ച അവധിയായതിനാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. താന്ന്യം ഗവ. സ്കൂൾ റിട്ട. അധ്യാപകൻ അറക്കൽ മാറോക്കി ലോനപ്പന്റെയും പൂത്തറക്കൽ എൽ.പി. സ്കൂൾ റിട്ട. അധ്യാപികയും ചേർപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ആനിയുടെയും മകനാണ് പോൾ ഗ്ലെറ്റോ. പാലക്കാട്ട് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സായ വിൻസിയാണ് ഭാര്യ. മക്കൾ: ജോൺ ഗ്ലാവിറ്റോ, വിൻസെന്റ് ഗ്ലാക്സിൻ. പോളിന്റെ മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക്‌ മാറ്റി.