പന്തളം: മണ്ഡല-മകരവിളക്ക് ശബരിമല തീർഥാടനം സംബന്ധിച്ച് കേരള സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാർശകൾ നടപ്പാക്കുന്നത് വിശ്വാസിസമൂഹം, അയ്യപ്പഭക്തജനസംഘടനകൾ, ഗുരുസ്വാമിമാർ, ആചാര്യശ്രേഷ്ഠർ, തന്ത്രിമുഖ്യർ തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായ ചർച്ചകൾക്കുശേഷം മാത്രമാകണമെന്ന് പന്തളം കൊട്ടാരം.

കോവിഡിന്റെ വ്യാപനം കൂടുന്നത് അയ്യപ്പഭക്തരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. ദേവസ്വം ബോർഡും കേരള സർക്കാരും ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ക്ഷേത്രത്തിന്റെയും ദേവന്റെയും താത്‌പര്യങ്ങൾക്ക് ഒട്ടും ഗുണകരമല്ല.

ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിനുപിന്നിലെ വിശ്വാസപ്രമാണങ്ങളും പ്രായോഗികതയും മനസ്സിലാക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും ആളുകളെ മലകയറ്റി അധികൃതർ ആപത്‌കരമായ സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തരുത്. ഭക്തരുടെ ജീവൻവെച്ച് പന്താടരുത്. സർക്കാർ കോവിഡ്-19 മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമപ്പുറം ശബരിമല തീർഥാടനം സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായി തീരുമാനം കൈക്കൊള്ളുന്നത് മതേതര സർക്കാരിന് ഭൂഷണമല്ലെന്നും കൊട്ടാരം നിർവാഹകസംഘം അറിയിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന പേരിൽ കാണിച്ചതുപോലെ കേരള സർക്കാർ, മഹാമാരിയുടെ മറവിൽ ശബരിമല തീർഥാടനത്തിലെ ദർശനപദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണവർമ എന്നിവർ പറഞ്ഞു.