വണ്ടിപ്പെരിയാർ: ആരോഗ്യപ്രവർത്തകർ അപമര്യാദയോടെ പെരുമാറിയെന്നും രോഗിയെ കൊണ്ടുപോകാൻ വാഹനം അനുവദിച്ചില്ലെന്നും ആരോപിച്ച് കോവിഡ് ബാധിതരുടെ കുടുംബം. വീടിന് മുൻപിൽ നിരാഹാര സത്യാഗ്രഹം നടത്തി. സമരത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ വാഹനവുമായി സ്ഥലത്തെത്തി രോഗബാധിതയെ ആശുപത്രിയിലേക്ക് മാറ്റി.

പെരിയാർ ഇഞ്ചിക്കാട് ആറ്റോരം പുത്തൻപുരയിൽ അരുൺ കെ.തങ്കപ്പനും കുടുംബവുമാണ് സത്യാഗ്രഹം നടത്തിയത്. അരുണിന്റെ കുടുംബത്തിലെ അഞ്ചുപേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അമ്മയുടെയും കുടുംബാംഗമായ പതിനെട്ടുകാരിയുടെയും പരിശോധനാഫലം ബുധനാഴ്ചയാണ് പോസിറ്റീവായത്.

അമ്മയെ അന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രായമായ അമ്മയെ കൊണ്ടുപോകാൻ ആംബുലൻസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യവകുപ്പ് അതിന് തയ്യാറായില്ല. തുടർന്ന് അയൽവാസിയുടെ വാഹനത്തിൽ അമ്മയെ ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടെയും ആംബുലൻസ് എത്താൻ വൈകി. ഇത് ചോദ്യം ചെയ്തപ്പോൾ ആരോഗ്യ പ്രവർത്തകർ മോശമായി പെരുമാറിയെന്നും അരുൺ ആരോപിക്കുന്നു.

പെൺകുട്ടിയെയും ഒന്നരക്കിലോമീറ്റർ അപ്പുറമുള്ള റോഡിലെത്തിക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടതെന്ന് പറയുന്നു. എന്നാൽ, പെൺകുട്ടിയെ കൊണ്ടുപോകാൻ ആംബുലൻസ് എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇത് നിരാകരിച്ചതിനെത്തുടർന്നാണ് രാവിലെ നിരാഹാരം തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആരോഗ്യ പ്രവർത്തകർ വാഹനവുമായെത്തി പെൺകുട്ടിയെ കുട്ടിക്കാനത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാക്കി.

അരുണിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമാണ് മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാനും ആംബുലൻസ് ലഭിച്ചില്ലെന്ന് അരുൺ പറയുന്നു. അതിനാൽ ബൈക്കിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്തെ മറ്റ് രോഗികളുടെ അവസ്ഥയും ഇതു തന്നെയാണെന്ന് കുടുംബം ആരോപിക്കുന്നു. അരുൺ സി.പി.എം. പെരിയാർ മുൻ ലോക്കൽ സെക്രട്ടറിയാണ്.

എന്നാൽ, ആംബുലൻസിന് പോകാൻ സൗകര്യമില്ലാത്ത റോഡായതിനാലാണ് രോഗബാധിതയെ വണ്ടിയെത്തുന്ന റോഡിൽ എത്തിക്കാമോയെന്ന് ചോദിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ആരോഗ്യ വകുപ്പ് അധികൃതരോട് മോശമായി പെരുമാറിയതിന് അരുണിനെതിരേ പോലീസിൽ കേസുകൊടുത്തിരുന്നെന്നും വകുപ്പ് അധികൃതർ പറഞ്ഞു.

പ്രദേശത്തെ രോഗിബാധിതരെ ആശുപത്രിയിലെത്തിക്കാനുള്ള വാഹനസൗകര്യം ഒരുക്കണമെന്നും ഉത്തരവാദിത്വമുള്ള വൊളന്റിയർമാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നിരഹാരം തുടരുകയാണ്.