മണർകാട്: വധശ്രമക്കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ഇടുക്കി പുറ്റടി കടിയൻകുന്നേൽ പി.കെ.മധു(43)വിനെയാണ് മണർകാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വണ്ടൻപതാൽ പോലീസ്‌സ്റ്റേഷൻപരിധിയിൽ നടന്ന വധശ്രമക്കേസിലെ പ്രതിയാണ്. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ ഇയാൾ മണർകാട് കാവുംപടിയിലുള്ള ലോഡ്ജിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് മണർകാട് പോലീസ് ഇൻസ്പെക്ടർ എ.സി.മനോജ്കുമാർ, എസ്.ഐ. വർഗീസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ലോഡ്ജ് റെയ്ഡുചെയ്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.