കോട്ടയം: ആദായനികുതിയുടെ പരിധിയിൽ വരാത്ത കർഷകർ ഉൾപ്പെടെയുള്ള അറുപതുവയസ്സ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപയുടെ പ്രതിമാസ പെൻഷൻ അനുവദിക്കണമെന്ന് കേരള കോൺഗ്രസ്‌ എം വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. കോട്ടയത്ത്‌ കേരള കോൺഗ്രസ്‌ 57-ാം ജന്മദിനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനായിരം രൂപയുടെ പെൻഷൻപദ്ധതിയിൽ കേന്ദ്രസർക്കാർ വിഹിതം 5000 രൂപയും സംസ്ഥാനസർക്കാർ വിഹിതം 5000 രൂപയും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച്‌ പാർട്ടി പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പാർട്ടിനേതാക്കൾ സത്യാഗ്രഹമനുഷ്ഠിക്കും. സമ്മേളനത്തിൽ മോൻസ് ജോസഫ് എം.എൽ.എ., ജോയ് അബ്രഹാം, ടി.യു.കുരുവിള, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.