പത്തനംതിട്ട: നിലയ്ക്കൽ-പമ്പാ പാതയിൽ പ്ലാന്തോട് ഭാഗത്ത് വിണ്ടുകീറിയ റോഡിലൂടെ തീർഥാടകരെ കടത്തിവിടാൻ തീരുമാനം. തുലാമാസപൂജയ്ക്ക് പമ്പയിലേക്ക് ചെറിയ വാഹനങ്ങൾ അനുവദിക്കും. വലിയ വാഹനങ്ങൾ കടന്നുപോകത്തക്ക സാഹചര്യമില്ലാത്തതിനാൽ ചെറിയ വാഹനങ്ങൾ കടത്തിവിടാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ‍ചേർന്ന യോഗത്തിൽ തീരുമാനമായി. കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നതിനെപ്പറ്റി വ്യക്തതയായിട്ടില്ല. പകരം ചെറു ബസുകളുടെ സാധ്യത കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.

ഇതിനിടെ റോഡ് പുനർനിർമാണത്തിനായി നടത്തിയ ഇ-ടെൻഡറിൽ ആരും പങ്കെടുത്തില്ല. രണ്ടാമത്തെ ഇ-ടെൻഡറിൽ 13വരെ പങ്കെടുക്കാം. ഇതിലും ആരുമുണ്ടായില്ലെങ്കിൽ നിർമാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. മല റോഡിന് മുകളിൽ മുതൽ താഴേക്ക് വിണ്ട് കീറിയ സാഹചര്യത്തിൽ കുറഞ്ഞ തുകയ്ക്ക് പുനർനിർമ്മാണം നടത്തുന്നത് വെല്ലുവിളിയാണെന്നതാണ് ഇ-ടെൻഡറിൽ നിന്നും കരാറുകാരെ പിന്തിരിപ്പിക്കുന്നത്. തന്നെയുമല്ല തുലാവർഷത്തിന്റെ സൂചനകളെത്തിയതോടെ സമയത്ത് നിർമാണം പൂർത്തീകരിക്കാനാകുമോയെന്ന കാര്യത്തിലും കരാറുകാർക്ക് ഉറപ്പില്ല. സ്ഥലം സന്ദർശിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലും മലയുടെ ഉറപ്പിനെ സംബന്ധിച്ച ആശങ്കകളുണ്ട്. മഴ മുറുകുമ്പോൾ മലയിൽ വിണ്ടുകീറലുണ്ടായ ഭാഗത്തിന് അടിയിലൂടെ നീരൊഴുക്കുമുണ്ടാകുന്നുണ്ട്.