ആലപ്പുഴ: വേമ്പനാട്ടുകായലിനു നടുക്കുള്ള തുരുത്തിൽ ഒരു പോസ്റ്റ് ഓഫീസ്. ഇവിടെ തപാൽ വിതരണവും മറ്റുസേവനങ്ങളും നൽകുന്നത് ഒരു വനിത. ഇത് വേമ്പനാട്ടു കായൽ തപാൽ ഓഫീസ്. വി.പി. സീതാമണിയാണ് ഈ തുരുത്തുകാരുടെ സ്വന്തം തപാൽക്കാരി.

വേമ്പനാട്ടുകായലിന്റെ പേരുള്ള പോസ്റ്റ്ഓഫീസ് എന്നതും ഇതിന്റെ അപൂർവതയാണ്. കൈനകരി പഞ്ചായത്തിൽപ്പെട്ട ആർ ബ്ളോക്കിലാണ് ഈ തപാൽ ഓഫീസ്. സമുദ്രനിരപ്പിനു രണ്ടരമീറ്റർ താഴെയാണ് മനുഷ്യനിർമിത ദ്വീപായ ആർ ബ്ളോക്ക് പ്രദേശം. 1972-ൽ തുടങ്ങിയതാണിത്. അന്ന് മറ്റുനാടുകളിൽനിന്നുള്ള അയ്യായിരത്തോളം തെങ്ങുകയറ്റത്തൊഴിലാളികൾ കായലിനു ചുറ്റും താമസിച്ചിരുന്നു. അവരായിരുന്നു പ്രധാനമായും ഇടപാടുകാർ. പണി ഇല്ലാതായതോടെ അവർ നാടുകളിലേക്ക് മടങ്ങി. നഷ്ടപ്രതാപത്തിന്റെ സ്മരണകളുമായി ഈ ഓഫീസ് പ്രവർത്തനം തുടർന്നു.

ഈ തപാൽ ഓഫീസിലെ ഏക ജീവനക്കാരിയാണ് വി.പി. സീതാമണി (56). സ്ഥിരനിയമനമില്ലാതെ നാമമാത്രമായ വേതനം പറ്റുന്ന ഇ.ഡി. പോസ്റ്റ് വുമൺ. 30 വർഷമായി പരാതിയോ പരിഭവമോ ഇല്ലാതെ ഇവിടെ ജോലി ചെയ്യുന്നു. ഈ തപാൽ ഓഫീസിനു കീഴിൽ 200 വിലാസക്കാരാണുള്ളത്. തുരുത്തുകൾ താണ്ടി കൊച്ചുവള്ളത്തിലോ മുക്കാൽ മണിക്കൂർ നടന്നോ ആണ് പോസ്റ്റ് ഓഫീസിലേക്കും വീട്ടിലേക്കുമുള്ള പോസ്റ്റ് വുമണിന്റെ യാത്ര. ഇതിനിടെ തപാൽ വിതരണവും. കാലം മാറിയതോടെ കത്തുകളുടെ എണ്ണം തീരെ കുറഞ്ഞു. മാസികകളും സർക്കാർ സ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള അറിയിപ്പുകളുമാണ് അധികവും.

ആലപ്പുഴ, കോട്ടയം മുഖ്യതപാൽ ഓഫീസുകളിൽനിന്ന്‌ തിരികെയും ബോട്ടിലാണ് തപാൽ ഉരുപ്പടികളടങ്ങിയ സഞ്ചിയുടെ യാത്ര. ആർ ബ്ലോക്കിൽത്തന്നെയാണ് സീതാമണിയുടെ വീട്. ഭർത്താവ് എ.വൈ. കുഞ്ഞുമോൻ സ്വകാര്യബസ് മുൻകണ്ടക്ടറാണ്. സീതാമണിയും ഈ തപാൽ ഓഫീസും വിഷയമാക്കി 2016-ലെ തപാൽദിനത്തിൽ ’ചെമന്ന പെട്ടി’ എന്ന ഡോക്യുമെന്ററി ഇറങ്ങിയിരുന്നു. പയസ് സ്‌കറിയ പൊട്ടംകുളം സംവിധാനം ചെയ്ത ഇതിന് നാല് അന്തർദേശീയ അംഗീകാരങ്ങളടക്കം ലഭിച്ചു.