കാസർകോട്: കാസർകോട് 855.5 കിലോഗ്രാം ചന്ദനമുട്ടി പിടിച്ച കേസിൽ മുഖ്യപ്രതികളിലൊരാളെ വനപാലകർ അറസ്റ്റ് ചെയ്തു. ചന്ദനമുട്ടി പിടിച്ച വീടിന്റെ ഉടമ താഴെ നായന്മാർമൂല ഹർഷാദ് ഹൗസിൽ ഇ. അബ്ദുൾ ഖാദറിനെ (60) ആണ് കാസർകോട് റെയ്ഞ്ച് ഓഫീസർ എൻ. അനിൽകുമാറും സംഘവും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കളക്ടർ ഡി. സജിത്ത് ബാബുവും അംഗരക്ഷകരും ചേർന്ന് ചന്ദനം പിടിച്ചപ്പോൾ വീട്ടിൽനിന്ന് രക്ഷപ്പെട്ട അബ്ദുൾ ഖാദർ ഉളിയത്തടുക്കയിലെ രണ്ടാം ഭാര്യയുടെ വീട്ടിൽനിന്ന് നഗരത്തിലെ ആസ്പത്രിയിലേക്ക് വരുന്നതിനിടയിലാണ് പിടിയിലായത്.

കോവിഡ് ബാധിതനായി കോഴിക്കോട് ചികിത്സയിലായിരുന്ന ഇയാൾ അസുഖം ഭേദമായി ഏതാനും ദിവസം മുമ്പാണ് കാസർകോട്ടെത്തിയത്. ആന്ധ്രയിലേക്ക് കൊണ്ടുപോകാനാണ് ചന്ദനമുട്ടികൾ ലോറിയിൽ കയറ്റിയതെന്ന് പ്രതി മൊഴി നൽകിയതായി വനപാലകർ പറഞ്ഞു. മധ്യപ്രദേശിലും ഗോവയിലും ചന്ദനം വാറ്റുന്ന മിൽ നടത്തിയിരുന്നതായും അബ്ദുൾ ഖാദർ വനപാലകരോട് വെളിപ്പെടുത്തി. വിവിധ ഭാഗങ്ങളിൽനിന്ന് ചന്ദനം ശേഖരിക്കാൻ സഹായിച്ചവരെക്കുറിച്ചും ആന്ധ്രയിലേക്ക് അത് കയറ്റിയയയ്ക്കാൻ ഒത്താശ ചെയ്തവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ചന്ദനമുട്ടിയും വാഹനങ്ങളും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർ വൈകാതെ പിടിയിലാകുമെന്നും റെയ്ഞ്ച് ഓഫീസർ പറഞ്ഞു. അബ്ദുൾ ഖാദറെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒക്‌ടോബർ 23 വരെ റിമാൻഡ് ചെയ്തു. ഇയാളുടെ മകൻ ഇബ്രാഹിം ഒളിവിലാണ്.