കോട്ടയം: മുന്നണിമാറ്റത്തിലെ നിലപാട് പ്രഖ്യാപിക്കുന്നത് കേരള കോൺഗ്രസ് ജോസ് വിഭാഗം മാറ്റിവെച്ചു. അസംബ്ലി സീറ്റ് ധാരണകൾ സംബന്ധിച്ച് അന്തിമധാരണയെത്താഞ്ഞതാണ് പ്രഖ്യാപനം മാറ്റിവെയ്ക്കാൻ കാരണം. വെള്ളിയാഴ്ച കോട്ടയത്തുചേർന്ന ജൻമദിന സമ്മേളനത്തിൽ പാർട്ടി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്.

യോഗത്തിൽ കോൺഗ്രസ് ജില്ലാഘടകത്തിനും പി.ജെ.ജോസഫിനുമെതിരേ രൂക്ഷവിമർശനം ഉയർന്നു. പാർട്ടിയെ യു.ഡി.എഫിൽനിന്ന്‌ പുറത്താക്കിയതിന്റെ പ്രധാന കാരണം കോട്ടയം ഡി.സി.സി.യുടെ നിലപാടാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യു.ഡി.എഫ്. മുൻനിര നേതാവായിരുന്ന കെ.എം.മാണിയോടുള്ള അനാദരമാണ് ഈ പുറത്താക്കലെന്നും പാർലമെന്ററി മോഹികളായ ചിലരുടെ താത്‌പര്യമാണ് ഇതിനൊക്കെ കാരണമെന്നും യോഗം വിലയിരുത്തി. കെ.എം.മാണിയോട് കുടുംബപരമായി അടുപ്പം പുലർത്തിയിരുന്നവർ ചതി കാണിച്ചുവെന്ന് ജോസ് കെ.മാണി യോഗത്തിൽ വികാരാധീനനായി പറഞ്ഞു. ഒരു മകനെന്നനിലയിൽ ആ വിഷമം താൻ അടുത്തുനിന്ന് കണ്ടിട്ടുണ്ടെന്നും ജോസ് ഓർമിച്ചു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, പി.എം.മാത്യു, ജോബ് മൈക്കിൾ, ജോസ് ടോം, വിജി എം.തോമസ്, ജോസഫ് ചാമക്കാല, സിറിയക്ക് ചാഴികാടൻ തുടങ്ങിയവർ പങ്കെടുത്തു.

നിലപാട് ഉടൻ

കേരള കോൺഗ്രസ് (എം) സ്വീകരിക്കുന്ന രാഷ്ട്രീയനിലപാട് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാകുമെന്ന് ജോസ് കെ.മാണി എം.പി. അഞ്ച് പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായ കേരള കോൺഗ്രസിനെ ശിഥിലമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയായി വരാൻപോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറിത്തീരും. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള നിർണായക തീരുമാനം ഏതാനും ദിവസങ്ങൾക്കുള്ളിലുണ്ടാവും. പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും സ്വീകരിക്കുക.