കോട്ടയം: പ്രൊട്ടോക്കോൾ വിവാദത്തിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഒരു രീതിയിലുള്ള അഴിമതിയെയും വെച്ചുപൊറുപ്പിക്കുന്നതല്ല മോദി സർക്കാർ. ആക്ഷേപമുള്ളവർ പരാതി നൽകിയാൽ അന്വേഷണം നടത്തുന്നതാണ് സർക്കാരിന്റെ രീതി. തനിക്കെതിരേയും ആർക്കും പരാതി കൊടുക്കാം. അന്വേഷണം നടക്കും. ഏത് തരം അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു.

എന്താണ് പ്രൊട്ടോക്കോൾ ലംഘനമെന്ന് വിമർശനം ഉന്നയിക്കുന്നവർ വിശദമാക്കണം. പ്രധാനമന്ത്രിയുടെ ഒാഫീസ് വിശദീകരണം തേടിയോ എന്ന ചോദ്യത്തിന് വിദേശകാര്യവക്താവ് എല്ലാം വിശദമാക്കിയില്ലേയെന്ന് മുരളീധരൻ മറുപടി പറഞ്ഞു. ബി.ജെ.പി.ക്കുള്ളിൽ പടയൊരുക്കം നടക്കുന്നത് സി.പി.എമ്മിന് എതിരേയാണെന്ന് മുരളീധരൻ പറഞ്ഞു. ബി.ജെ.പി.ക്കുള്ളിൽ പടയൊരുക്കം നടക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. നേതൃയോഗത്തിനെത്തിയതായിരുന്നു മുരളീധരൻ.

ശ്രീനാരായണ യുണിവേഴ്സിറ്റി വി.സി.യോഗ്യതയില്ലാത്തയാൾ: കെ.സുരേന്ദ്രൻ

കോട്ടയം: ശ്രീനാരായണ ദർശനത്തെക്കുറിച്ചോ കൃതികളെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സർക്കാർ ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആക്കിയതെന്ന് ബി.െജ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സർവകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാർക്കായി റിസർവ് ചെയ്യുകയാണ്. ശ്രീനാരായണ സർവകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്. പാർട്ടി വേദിയാക്കി യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം മാറ്റിയത് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി എതിർത്തിരിക്കുകയാണ്. ഗുരുദേവനെ കുരിശിൽ തറച്ചവരിൽനിന്ന്‌ ഇതിൽകൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സർക്കാർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന നമ്പർ വൺ കേരളം എന്ന ആപ്തവാക്യം യാഥാർഥ്യമായതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.