കുളത്തൂപ്പുഴ (കൊല്ലം) : പോലീസ് സ്റ്റേഷനിൽനിന്ന്‌ വിലങ്ങഴിച്ച് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൃശ്ശൂർ എടക്കഴിയൂർ കറുത്താറൻ വീട്ടിൽ എം.ബാദുഷ(24)യെയാണ് നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിനു കൈമാറിയത്.

ഏറെനാളായി കുളത്തൂപ്പുഴയിൽ യുവതിക്കൊപ്പം താമസിച്ചുവന്നിരുന്ന ബാദുഷയെ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്. പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണിയാൾ. കൊപ്പം പോലീസിന്‌ കൈമാറാനായി സ്റ്റേഷനിൽ കൈവിലങ്ങിട്ട് സൂക്ഷിക്കുന്നതിനിടയിലാണ് പ്രതി വിലങ്ങഴിച്ച് കടന്നത്. കട്ടിളപ്പാറ ശെന്തുരുണി വന്യമൃഗസംരക്ഷിത വനമേഖലയിലേക്ക് കടന്ന പ്രതിക്കുവേണ്ടി നാട്ടുകാരും പോലീസും വനപാലകരും രാത്രിമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

രാത്രിയിൽ വനത്തിൽ കഴിഞ്ഞ പ്രതി പുലർച്ചെയോടെ പുറത്തിറങ്ങി നെടുവണ്ണൂർക്കടവ് വനം ചെക്ക് പോസ്റ്റിനു സമീപത്തെ കടയിലെത്തി മാസ്ക് വാങ്ങുകയും ഓട്ടോറിക്ഷ വിളിച്ച് കടക്കാൻ ശ്രമിക്കുകയുമായിരുന്നു. സംശയംതോന്നിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാരിൽനിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൂടുതൽ ആളുകളെത്തി ഓടിച്ചിട്ടുപിടിച്ച് കൈബന്ധിച്ച് പോലീസിനു കൈമാറുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ എൻ.ഗിരീഷ്, എസ്.ഐ. എസ്.ഉദയൻ, സെക്‌ഷൻ ഫോറസ്റ്റർ സജീവ് എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.