കൊല്ലം : കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കായി മൂന്നുമാസത്തിലൊരിക്കൽ അതത് യൂണിറ്റുകളിൽ കർശന രോഗനിർണയ ക്യാമ്പുകൾ നടത്തും. ഒട്ടേറെ ജീവനക്കാർ സർവീസിനിടയിൽ വിവിധ ആരോഗ്യകാരണങ്ങളാൽ മരിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മൂന്നരമാസത്തിനിടെ 14 ജീവനക്കാർ സർവീസിനിടയിൽ മരിച്ചു. അഞ്ചുവർഷത്തിനിടെ 388 ജീവനക്കാർക്കാണ് സർവീസിനിടയിൽ ജീവൻ പൊലിഞ്ഞത്. ഇവരിൽ 90 ശതമാനത്തിലേറെപ്പേർ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരാണ്. ഇക്കൂട്ടത്തിൽ വണ്ടി ഓടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചവരുമുണ്ട്.

ആരോഗ്യപരിപാലനം സംബന്ധിച്ച അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള മരണങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. യൂണിറ്റുകൾക്ക് സമീപത്തെ സർക്കാർ ആശുപത്രി സംവിധാനം പ്രയോജനപ്പെടുത്തി മെഡിക്കൽ ക്യാമ്പ് തുടങ്ങാനാണ് നിർദേശം. ഇതിനു സാധ്യതയില്ലെങ്കിൽ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ച് ക്യാമ്പുകൾ നടത്തണം. 26 ഇനം പരിശോധനകൾ സൗജന്യമായി നടത്തും. മൂന്നുമാസത്തിലൊരിക്കലുള്ള ക്യാമ്പുകളിലൂടെ സാംക്രമികരോഗങ്ങൾ കണ്ടെത്താനും ഫലപ്രദമായി തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ജീവിതശൈലീ രോഗങ്ങളും തൊഴിൽപരമായി ഉണ്ടാകാനിടയുള്ള രോഗങ്ങളും കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും.

അതതിടങ്ങളിലെ ആശുപത്രി സംവിധാനം സംബന്ധിച്ച് എല്ലാ യൂണിറ്റ് ഓഫീസർമാരും ഒക്ടോബർ 20-നുമുമ്പ് ചീഫ് ഓഫീസിൽ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ആശുപത്രികളുടെ കാര്യക്ഷമത ഉറപ്പാക്കണം. തിരുവനന്തപുരം ജില്ലയിലെ യൂണിറ്റുകൾ ഇത്തരം റിപ്പോർട്ട് നൽകേണ്ട. ഇവിടത്തെ 25 യൂണിറ്റുകളിലും പൊതുമേഖലാസ്ഥാപനമായ എച്ച്.എൽ.എഫ്.പി.പി.ടി.യുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി. മൊബൈൽ ഹെൽത്ത് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്.