കണ്ണൂർ: നിർദിഷ്ട ദേശീയപാത 66-ൽ തലപ്പാടി മുതൽ വെങ്ങളം വരെ അഞ്ചിടത്തെ ബൈപ്പാസ് നിർമാണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 13-ന് നടക്കും. ഡൽഹിയിൽനിന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അധ്യക്ഷതവഹിക്കും. നവീകരിച്ച കഴക്കൂട്ടം-മുക്കോല പാതയുടെ ഔപചാരിക ഉദ്ഘാടനവും ചടങ്ങിൽ നടക്കും. വടകരയിലെ മൂടാടി പാലത്തിന്റെയും ഇടുക്കിയിലെ ചെറുതോണി പാലത്തിന്റെയും പണികളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.

നിർമാണോദ്ഘാടനം നടക്കുന്ന സ്‌ട്രെച്ചുകൾ, ദൂരം, അടങ്കൽ തുക എന്നക്രമത്തിൽ ചവുടെ:

* തലപ്പാടിയിൽനിന്ന് ചെങ്കള വരെ (39 കി.മീ., 1981.07 കോടി)

* ചെങ്കള-നീലേശ്വരം (37.27 കി.മീ., 1746.45 കോടി)

* പേരോൽ (നീലേശ്വരം)-തളിപ്പറമ്പ് (40.11 കി.മീ., 3041.65 കോടി)

* തളിപ്പറമ്പ് (കുറ്റിക്കോൽ)-മുഴപ്പിലങ്ങാട് (29.25 കി.മീ., 2714.6 കോടി)

* അഴിയൂർ-വെങ്ങളം (കോഴിക്കോട് ബൈപ്പാസ്, 28.4 കി.മീ., 1853.42 കോടി)

ചെലവ് 11,547 കോടി രൂപ

176.83 കിലോമീറ്റർ റോഡ് ആറുവരിയാക്കി വികസിപ്പിക്കാൻ മതിപ്പുചെലവ് 11,547.4 കോടി രൂപയാണ്. ആറ്് വരിയായി നിർമിക്കുന്ന മൂടാടി പാലത്തിന്റെയും സമീപനറോഡിന്റെയും കൂടി നീളം 2.1 കി.മീ. ആണ്. 210.21 കോടി രൂപയാണ് നിർമാണച്ചെലവ്. എൻ.എച്ച്. 185-ൽ ചെറുതോണി പാലവും സമീപന റോഡും നിർമിക്കാൻ മതിപ്പ് ചെലവ് 23.83 കോടി രൂപയാണ്. മൂടാടി പാലത്തിന്റെ നിർമാണ കരാർ നൽകിക്കഴിഞ്ഞു. കോഴിക്കോട് ബൈപ്പാസിന്റെ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. മറ്റ് പണികളുടെ സാമ്പത്തിക ടെൻഡർ തുറന്നു. കരാറുറപ്പിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്തുന്ന കഴക്കൂട്ടം-മുക്കോല പാതയുടെ നീളം 26.798 കി.മീ. ആണ്. 1120.86 കോടി രൂപ ചെലവിലാണ് നിർമിച്ചത്.

സംസ്ഥാനത്തിന്റെ വടക്കേ അതിർത്തിയായ തലപ്പാടി മുതൽ കോഴിക്കോട് ജില്ലയിലെ വെങ്ങളംവരെയുള്ള ഭാഗത്തിനിടയിൽ മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെയുള്ള ഭാഗത്ത് ബൈപ്പാസ് നിർമാണം പുരോഗമിക്കുകയാണ്. നീലേശ്വരം പള്ളിക്കരയിൽ മേൽപ്പാലം നിർമാണവും നടക്കുന്നു. ഇപ്പോൾ ഭൂമിപൂജയും ശിലാസ്ഥാപനവും നടക്കുന്ന ഭാഗത്ത് സ്ഥലമെടുപ്പ് നടപടി പൂർത്തിയായിട്ടില്ല. കേരളത്തിൽ സ്ഥലവില വളരെ കൂടുതലായതിനാൽ നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് കരാർ. സംസ്ഥാനവിഹിതം കൈമാറാൻ തുടങ്ങിയതിനെ തുടർന്ന് നഷ്ടപരിഹാരം നൽകി ഭൂമി കൈവശപ്പെടുത്തലിന് വേഗം കൂടിയിട്ടുണ്ട്.

സ്ഥലമെടുപ്പിന്റെ കാര്യത്തിൽ തളിപ്പറമ്പ്-മുഴപ്പിലങ്ങാട് സ്‌ട്രെച്ചിൽ പാപ്പിനിശ്ശേരി തുരുത്തി, ചിറക്കൽ കോട്ടക്കുന്ന് എന്നിവിടങ്ങളിലെ തർക്കം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. തളിപ്പറമ്പ് കീഴാറ്റൂരിൽ സ്ഥലമെടുപ്പിനെതിരേ നടന്ന ദീർഘനാളത്തെ പ്രതിരോധവും അതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സമരങ്ങളും സ്ഥലമെടുപ്പ് നടപടികൾ നീളാനിടയാക്കി.